സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സാഹസികതകളെ സർക്കാർ ചെലവിൽ പ്രോത്സാഹിപ്പിക്കരുതെന്ന് ശാരദക്കുട്ടി

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കാണിക്കുന്ന സാഹസികതകളെ സർക്കാർ ചെലവിൽ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കരുതെന്ന് പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി. വനം വകുപ്പിനും വന്യജീവി വകുപ്പിനും ടൂറിസം വകുപ്പിനും നിയമങ്ങളുണ്ട്. അവ കൈകാര്യം ചെയ്യാൻ മന്ത്രിമാരുണ്ട്. നിയമലംഘനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനകൾ പരോക്ഷമായിപ്പോലും മന്ത്രിമാരുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടെന്ന് ശാരദക്കുട്ടി പറഞ്ഞു.

ബാബു വീണ്ടും നിയമവിരുദ്ധ സാഹസികത കാണിക്കുമെന്ന് ഉറപ്പു തന്നിട്ടുണ്ട്. ബാബു കയറിപ്പോയ നിരോധിത മേഖലകളിലൂടെ ഇന്നലെ ആളുകൾ വീണ്ടും കയറി. വാവാ സുരേഷ് ഇനിയും സുരക്ഷാ നിയമങ്ങളോ വന്യജീവി നിയമങ്ങളോ പാലിക്കാതെ പാമ്പിനെ പിടിക്കുമെന്നും ഉറപ്പിച്ചിട്ടുണ്ട്. ഇവർക്ക് കിട്ടിയ കൈയടി കണ്ട വകുപ്പുമന്ത്രിമാർ, ഇവരേക്കാൾ ആവേശത്തിൽ, സത്യപ്രതിജ്ഞാ വാചകങ്ങൾ മറന്ന് സ്വന്തം നിലയിൽ പാരിതോഷികങ്ങൾ പ്രഖ്യാപിക്കുകയും അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

വാവാ സുരേഷിന്റെയായാലും ബാബുവിന്റെയായാലും ജീവൻ വിലപ്പെട്ടതാണ്. അവരൊക്കെ ഏതെങ്കിലും തരത്തിൽ മനുഷ്യർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ജീവിക്കുന്നുണ്ടാകും. അവരുടെ ജീവൻ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നല്ല രീതിയിൽ നടക്കേണ്ടതുമാണ്. എന്നാൽ മുൻകരുതലുകൾ എടുക്കാത്ത ഇത്തരം അതിക്രമങ്ങളെ സാഹസികതയെന്ന് നിയമം കൈകാര്യം ചെയ്യേണ്ടവർ ഗ്ലോറിഫൈ ചെയ്യരുതെന്ന് എഴുത്തുകാരി പറഞ്ഞു.

അപകടമലകളിലേക്ക് ചാടിക്കയറുന്ന ചെറുപ്പക്കാരുടെ ജീവന് സർക്കാർ ഉത്തരം പറയേണ്ടിവരും. കർശനമായ താക്കീതുകളും സർക്കാർ ഉത്തരവുകളുമാണ് ഇക്കാര്യത്തിൽ ഉണ്ടാകേണ്ടത്. കുട്ടികളോട് ഐക്യപ്പെട്ട മികച്ച അധ്യാപകനെതിരെ പുറപ്പെടുവിച്ച ഇണ്ടാസ് ഇവിടെയാണ് വേണ്ടിയിരുന്നതെന്നും എഴുത്തുകാരി കൂട്ടിച്ചേർത്തു.

Related Posts