സി ആർ നീലകണ്ഠന് അഞ്ചുനിലയുളള ആർഭാട വീടില്ല, മനുഷ്യരിങ്ങനെ വിഷം വിസർജിക്കരുത്; വൈറലായി ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ്റേതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന അഞ്ചുനില വീട് അദ്ദേഹത്തിൻ്റേതല്ലെന്ന് എഴുത്തുകാരി എസ് ശാരദക്കുട്ടി. സി ആറിൻ്റെ 'തണൽ' വീട്ടിൽ താൻ പോയിട്ടുണ്ട്. ലാളിത്യമുളള ആ വീട്ടിൽ സമയം ചെലവഴിച്ചിട്ടുണ്ട്. സ്നേഹ സമ്പന്നനായ സി ആറിൻ്റെയും ഭാര്യ വി എം ഗിരിജയുടെയും തൊണ്ണൂറ് വയസ്സായ അമ്മയുടെയും ആതിഥ്യം അനുഭവിച്ചിട്ടുണ്ട്.

ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് സി ആർ നീലകണ്ഠന് എതിരെ നടക്കുന്ന വ്യാപകമായ നുണപ്രചാരണത്തിന് എതിരെ ശാരദക്കുട്ടി രൂക്ഷമായ വിമർശനം നടത്തിയത്. മനുഷ്യർ ഇങ്ങനെ വിഷം കൊണ്ട് സ്വയം നിറയ്ക്കരുതെന്നും അതിങ്ങനെ മറ്റുള്ളവരുടെ മേലേക്ക് വിസർജിക്കരുതെന്നും കുറിപ്പിൽ പറയുന്നു.

ശാരദക്കുട്ടിയുടെ കുറിപ്പ്‌ അതേ രൂപത്തിൽ താഴെ:

കൊച്ചിയിൽ ഒരു പുസ്തക പ്രകാശനം നടത്താനായി ചെന്ന ദിവസമാണ് കൊച്ചി എഫ് എമ്മിൽ പാദമുദ്രകൾ എന്ന ചലച്ചിത്രഗാന പരിപാടി അവതരിപ്പിക്കാനായി വി എം ഗിരിജ എന്നെ കൂട്ടിക്കൊണ്ടുപോയത്. അവിടെ ശ്രീകുമാർ മുഖത്തല ചോദിച്ച ചോദ്യങ്ങൾക്ക് ഒരു മണിക്കൂറോളം നീണ്ടു നിന്ന രസകരമായ പാട്ട് വിശേഷങ്ങൾ പറയുമ്പോൾ ഒരു കണ്ണാടിച്ചുമരിനപ്പുറത്ത് ഗിരിജ പതിവുള്ള കൗതുക ഭാവത്തിൽ റെക്കോഡ് ചെയ്യുന്നുണ്ടായിരുന്നു. ഗിരിജയുടെ വിസ്മയക്കണ്ണുകളും ശ്രീകുമാറിന്റെ രസകരമായ ഇടപെടലും കൊണ്ട് ആ ഉച്ചനേരം ആഘോഷമായി.

ഇറങ്ങാൻ നേരം ഗിരിജ പറഞ്ഞു വീട്ടിൽ ചെന്ന് ഊണു കഴിച്ച് അമ്മയെ കൂടി കണ്ടിട്ടേ പോകാവൂ എന്ന് . ഗിരിജയുടെ ഡ്യൂട്ടി സമയമായതിനാൽ സി.ആർ. നീലകണ്ഠൻ ആണ് എന്നെ വീട്ടിലേക്ക് കൊണ്ടുപോയത്. തണൽ എന്ന ലളിതമനോഹരമായ വീട് ഞാനന്ന് ആദ്യമായി കണ്ടു. മുറ്റത്തു തന്നെയുള്ള ജ്യോതി നാരായണന്റെ വീടും കാണിച്ചു തന്നു. മതിലുകളില്ലാത്ത വീടുകൾ ചേർന്നു ചേർന്ന് ഒരേ മണ്ണിൽ .

അകത്ത് ഊണുമേശയിൽ നീലകണ്ഠൻ തനിയെ പാകം ചെയ്ത ഉച്ചഭക്ഷണം. കുരുമുളകു രസവും ഒരു തോരനും മോരും. കഴിഞ്ഞു വിഭവങ്ങൾ. വളരെ സ്വച്ഛതയും സൗന്ദര്യവും തോന്നി അസ്വാഭാവികതകൾ തീരെയില്ലാത്ത ആ ആതിഥ്യമര്യാദകളിൽ. അതിഥികളെ ഭക്ഷണം കൊണ്ടല്ല, ലാളിത്യം കൊണ്ടാണ് ആ വീട് ശ്വാസം മുട്ടിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി.

4 മണിക്ക് പുസ്തക പ്രകാശനമുള്ളതിനാൽ വേഗം ഇറങ്ങി. തളത്തിൽ കാൽ നീട്ടിയിരുന്നിരുന്ന അമ്മ യാത്ര പറയുമ്പോൾ എനിക്ക് പുളിയിലക്കര മുണ്ടും നേരിയതും തന്നു . ഇന്നും എന്റെ അലമാരയിൽ അത് സൂക്ഷിക്കുന്നു.

ഈ വീട് വീണ്ടും ഓർമ്മപ്പെടുത്തിയത് വി.എം.ഗിരിജയാണ്. കന്യാസ്ത്രീകൾക്ക് എഴുതിയ കത്തിൽ ഗിരിജ ഇങ്ങനെയെഴുതി.

" എന്തെങ്കിലും ഒരാവശ്യം വരുമ്പോൾ താമസിക്കാൻ ഒരു വീടു വേണമെന്നു തോന്നുമ്പോൾ ഇങ്ങോട്ടു വരു. തണൽ". അതെന്റെ ഉള്ളിൽ തട്ടി. അതൊരു കവിതയാണെന്നെനിക്കു തോന്നി. തണൽ ശരിക്കും തണലും സ്നേഹവും വിശ്വാസവുമാണ് എന്ന ഒരുറപ്പ് ആ വരികളിലുണ്ടായിരുന്നു. തളത്തിൽ കാൽ നീട്ടിയിരിക്കുന്ന 91 വയസ്സായ ആ വെളിച്ചം പോലെ ഒരുറപ്പ്.

ഇത്രയും എഴുതിയത് C.R.നീലകണ്ഠന്റെ എന്ന പേരിൽ ഒരു അഞ്ചു നില വീടും അതിന്റെ ആർഭാട വേലകളും നിറഞ്ഞ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതു കണ്ടതുകൊണ്ടാണ്.

മനുഷ്യർ ഇങ്ങനെ വിഷം കൊണ്ട് സ്വയം നിറക്കരുത്. അതിങ്ങനെ മറ്റുള്ളവരുടെ മേലേക്ക് വിസർജ്ജിക്കയുമരുത്.

"കൊടി തേർ പട കോട്ട കൊത്തളം

കൊടിയോരായുധമൊന്നുമെന്നിയേ

നൊടിയിൽ ഖലജിഹ്വ കൊള്ളി പോ-

ലടിയേ വൈരി വനം ദഹിക്കുമേ "

Related Posts