ഷാർജ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു, സഹകരിച്ചവര്‍ക്ക് നന്ദി; അഷ്റഫ് താമരശ്ശേരി

ഷാർജ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞതായി അഷ്റഫ് താമരശ്ശേരി. ഇന്നലെയിട്ട ഫേസ് ബുക്ക് പോസ്റ്റാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്.

കോഴിക്കോട് ജില്ലയിലെ മംഗലാട് സ്വദേശിയാണ് അബ്ദുൽ സത്താർ എന്ന് കണ്ടെത്തി. സഹകരിച്ചവരോടെല്ലാം നന്ദിയുണ്ടെന്നും പുതിയ പോസ്റ്റിൽ അദ്ദേഹം അറിയിച്ചു.

അബ്ദുൾ സത്താർ തുണ്ടി കണ്ടിയിൽ പോക്കർ എന്ന പേര് മാത്രമാണ് രേഖകളിൽ കാണുന്നതെന്ന് കഴിഞ്ഞ ദിവസത്തെ പോസ്റ്റിൽ അഷ്റഫ് താമരശ്ശേരി പറഞ്ഞിരുന്നു. രണ്ട് മാസത്തിലേറെയായി മൃതദേഹം പൊലീസ് മോർച്ചറിയിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ട്. ബന്ധുക്കളോ മറ്റു വേണ്ടപ്പെട്ടവരോ അന്വേഷിച്ച് വരുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. പേര് കണ്ടിട്ട് മലയാളിയാണെന്ന് സംശയിക്കുന്നതായും സൂചിപ്പിച്ചിരുന്നു. ആളെ തിരിച്ചറിയാൻ സഹകരിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ടുള്ള പോസ്റ്റുകൊണ്ട് പ്രയോജനമുണ്ടായി.

അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് അതേ രൂപത്തിൽ താഴെ:

ഷാര്‍ജ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയുന്നതിന് വേണ്ടി ഇന്നലെ ഇട്ട പോസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ ആളെ തിരിച്ചറിഞ്ഞു. ഫെയിസ് ബുക്കില്‍ പോസ്റ്റിട്ടു ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ മംഗലാട് സ്വദേശിയാണ് അബ്ദുൽ സത്താർ എന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കളുമായി ബന്ധപ്പെട്ടു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം കഴിവതും വേഗം നാട്ടിലെക്കയക്കും. പാതിരാത്രിയിലും ആളെ കണ്ടെത്തുന്നതിനു സഹകരിച്ച പ്രവാസി സുഹൃത്തുക്കളുടെ ആത്മാര്‍ഥമായ ശ്രമമാണ് ഇതിന്‍റെ പിന്നില്‍. നന്മയില്‍ സഹകരിക്കുന്ന കാര്യത്തില്‍ പ്രവാസികള്‍ എന്നും മുന്നിലാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. പറഞ്ഞാല്‍ തീരാത്തത്ര നന്ദി സഹോദരങ്ങളെ...ഈ വിഷയത്തില്‍ സഹകരിച്ച ഷാര്‍ജ പൊലീസിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

Related Posts