ബ്രിട്ടീഷ് ലൈബ്രറിയിലെ ജോലി ഉപേക്ഷിച്ച് ഡൽഹിയിൽ ചായ വിറ്റ് എം.എക്കാരി

ഡൽഹി : വലിയൊരു സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശർമിഷ്ഠ ഘോഷ് ഡൽഹിയിലെ ഗോപിനാഥ് ബസാറിൽ ചായക്കട നടത്തുകയാണ്. ബ്രിട്ടീഷ് കൗൺസിലിലെ ജോലി ഉപേക്ഷിച്ചാണ് ശർമിഷ്ഠ സ്വന്തം സംരംഭത്തിലേക്ക് ഇറങ്ങിയത്. ലൂഫ്താൻസയിൽ ജോലി ചെയ്യുന്ന സുഹൃത്ത് ഭാവന റാവുവും കൂട്ടിനുണ്ട്. ആർമിയിൽ നിന്നും വിരമിച്ച ക്യാപ്റ്റൻ സഞ്ജീവ് ഖന്നയിലൂടെയാണ് ശർമിഷ്ഠയെ ലോകമറിയുന്നത്. ബസാറിൽ ചായ കുടിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ശർമിഷ്ഠയെക്കുറിച്ച് അദ്ദേഹം ലിങ്ക്ഡ് ഇന്നിലൂടെ പങ്കു വച്ച പോസ്റ്റും വളരെ വേഗം ശ്രദ്ധ നേടി. ഉയർന്ന ബിരുദമുള്ള ഒരാൾ എന്തിന് ഈ ജോലി ചെയ്യുന്നു എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ശർമിഷ്ഠ നൽകിയ ഉത്തരമാണ് അദ്ദേഹത്തെ അതിശയിപ്പിച്ചത്. ഇന്ത്യയിൽ പ്രശസ്തി നേടിയ 'ചായോസ്' പോലെ ഒരിക്കൽ തങ്ങളുടെ സംരംഭവും വളരുമെന്നാണ് ശർമിഷ്ഠയുടെയും സുഹൃത്തിന്റെയും പ്രതീക്ഷ. ഇതിനായാണ് ബ്രിട്ടീഷ് ലൈബ്രറിയിലെ ജോലി ഉപേക്ഷിച്ചത്. ജോലിയിൽ ചെറുതെന്നോ, വലുതെന്നോ ഇല്ലെന്നും, ഓരോന്നിനും അതിന്റേതായ അന്തസ്സ് ഉണ്ടെന്നും സഞ്ജീവ് ഖന്ന പറഞ്ഞു. സ്വപ്നം നേടുന്നതിനായി പരിശ്രമിക്കുന്ന പെൺകുട്ടികളെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

Related Posts