ഷാരോൺ വധക്കേസ്; പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. ഗ്രീഷ്മ അറസ്റ്റിലായി 85-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരോൺ 25ന് മരണപ്പെട്ടു. മരണ മൊഴിയിലും ഷാരോൺ കാമുകി ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. സാധാരണ മരണമാണെന്ന നിഗമനത്തിലാണ് പാറശാല പൊലീസ് ആദ്യം എത്തിയത്. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ശേഷം ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചു. തുടർന്ന് ഷാരോണിനെ വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു. ഇതിന് മുമ്പ്, ഷാരോണിന്‍റെ കോളേജിൽ നിന്ന് മടങ്ങും വഴി, പാരസെറ്റമോൾ ജ്യൂസിൽ കലർത്തി നൽകിയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാരോൺ അന്ന് രക്ഷപ്പെട്ടു. തുടർന്നാണ് വിഷം നൽകാൻ തീരുമാനിച്ചത്. ജ്യൂസ് ചലഞ്ച് നേരത്തെയും നടന്നിരുന്നതിനാൽ ഗ്രീഷ്മ അനുനയിപ്പിച്ച് കഷായം കുടിപ്പിക്കുകയായിരുന്നു. മകൾ കൊലപാതകിയാണെന്ന് മനസിലായപ്പോൾ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും തെളിവുകൾ നശിപ്പിച്ചതായി പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.