ഷാരോൺ വധം; അന്വേഷിക്കാൻ കേരള പൊലീസിന് അധികാരമില്ലെന്ന് വിദഗ്ധർ
കൊച്ചി: ഷാരോൺ രാജിന്‍റെ കൊലപാതകം അന്വേഷിക്കാൻ കേരള പൊലീസിന് അധികാരമില്ലെന്ന വാദവുമായി വിദഗ്ധർ. സേനയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സമാനമായ അഭിപ്രായം ഉന്നയിച്ചതിനെ തുടർന്ന് ഡിജിപി വീണ്ടും അഡ്വക്കറ്റ് ജനറലിനോട് (എ ജി) നിയമോപദേശം തേടിയിരുന്നു. കേരള പൊലീസിന് അധികാര പരിധിയില്ലാത്ത സ്ഥലത്ത് അന്വേഷണം നടത്താൻ ക്രിമിനൽ നിയമം അനുവദിക്കുന്നില്ലെന്ന് കേരള പൊലീസ് ട്രെയിനിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ പി സി രാമചന്ദ്രൻ നായർ വിശദീകരിച്ചു. ക്രിമിനൽ നടപടിച്ചട്ടത്തിലെ (സിആർപിസി) സെക്ഷൻ 178 പ്രകാരം കുറ്റകൃത്യം നടന്ന സ്ഥലത്ത് അന്വേഷിക്കണം എന്നാണ് പറയുന്നത്. തമിഴ്നാട് പൊലീസിന്‍റെ പളുഗൽ സ്റ്റേഷൻ പരിധിയിലാണ് പ്രതി ഗ്രീഷ്മയുടെ വീടുള്ള രാമവർമൻ ചിറ സ്ഥിതി ചെയ്യുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കുറ്റകൃത്യം നടന്നത് ഈ വീട്ടിലാണ്. അതിനാൽ, കൃത്യം നടന്ന സ്ഥലം തമിഴ്നാട്ടിലാണ്. നിലവിലെ അന്വേഷണം ഭാവിയിൽ പ്രതികൾക്ക് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഓഫ് സെയിം ട്രാൻസാക്‌ഷൻ നയം ഉയർത്തിയാണ് ഇപ്പോൾ പൊലീസ് അന്വേഷണം. ഷാരോണിനെ കൊല്ലാനായി ഗ്രീഷ്മ വിളിച്ച് വരുത്തിയെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഷാരോണിന്‍റെ മരണമൊഴിയിൽ അത്തരമൊരു ആരോപണം ഉന്നയിക്കാത്ത സാഹചര്യത്തിൽ ഈ വാദം നിലനിൽക്കില്ല. മാത്രമല്ല, മുമ്പ് പലതവണ വിളിച്ച് വരുത്തിയിട്ടും ഗ്രീഷ്മ കൊലപ്പെടുത്തിയിട്ടില്ല. അന്നേ ദിവസവും ഇത് പോലെ മാത്രമാണ് വിളിപ്പിച്ചതെന്ന വാദവും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്.