ഷാരോൺ വധം; ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും റിമാൻഡ് ചെയ്തു
തിരുവനന്തപുരം: കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ എന്നിവരെ റിമാൻഡ് ചെയ്തു. നിലവിൽ തെളിവ് നശിപ്പിച്ച കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളതെങ്കിലും കഷായം കലർത്താൻ സഹായിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ച മുഖ്യപ്രതി ഗ്രീഷ്മ ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഗ്രീഷ്മയുടെ ആരോഗ്യനില മെഡിക്കൽ ബോർഡ് ബുധനാഴ്ച യോഗം ചേർന്ന് വിലയിരുത്തി. ഗ്രീഷ്മയെ മെഡിക്കൽ കോളേജിലെ പൊലീസ് സെല്ലിലേക്ക് മാറ്റിയേക്കും. ഗ്രീഷ്മ, സിന്ധു, നിർമ്മൽ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകും. ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്ത് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് ആലോചന. വീട് പൊലീസ് സീൽ ചെയ്തു. മൂവരെയും ഒരുമിച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.