ഗ്രീഷ്മ മുമ്പും വിഷം കൊടുത്തിട്ടുണ്ടെന്ന് ഷാരോണിന്‍റെ അമ്മ
തിരുവനന്തപുരം: പാറശ്ശാലയിൽ കൊല്ലപ്പെട്ട ഷാരോണിന് പെൺസുഹൃത്ത് ഗ്രീഷ്മ മുമ്പും വിഷം കൊടുത്തിട്ടുണ്ടെന്ന് ഷാരോണിന്‍റെ അമ്മ. ഗ്രീഷ്മ പല തവണ ജ്യൂസിൽ സ്ലോ പോയ്സൺ ചേർത്ത് നൽകിയിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി തവണ ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നതായി ഷാരോണിന്‍റെ അമ്മ പറഞ്ഞു. ആദ്യം വിവാഹം കഴിക്കുന്നയാൾ മരിക്കുമെന്ന ഗ്രീഷ്മയുടെ അന്ധവിശ്വാസവും മകന്‍റെ മരണത്തിന് കാരണമായെന്ന് അമ്മ പറഞ്ഞു. "അവന് നല്ല ആരോഗ്യമുള്ള ശരീരമാണ്. നല്ല പ്രതിരോധശേഷിയുമുണ്ട്. എന്നാൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി തവണ അസ്വസ്ഥത അനുഭവപ്പെട്ടതായി അവൻ പറഞ്ഞു. അവളുടെ കയ്യിൽ അപ്പോഴൊക്കെ ഒരു ജൂസിന്റെ കുപ്പിയുണ്ടായിരുന്നു. സെപ്റ്റംബറിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് മരുന്ന് കഴിച്ചപ്പോൾ അത് ശരിയായി" അമ്മ പറഞ്ഞു. "ഗ്രീഷ്മ മറ്റൊരാളുമായി വിവാഹനിശ്ചയം നടത്തിയ ശേഷം ഇരുവരും കുറച്ചുകാലത്തേക്ക് വേർപിരിഞ്ഞു. പിന്നീട് ഗ്രീഷ്മ മെസ്സേജുകൾ അയയ്ക്കാനും വീണ്ടും വിളിക്കാനും തുടങ്ങി. അവർ രണ്ടാമതും അടുത്ത ശേഷമാണ് മകൻ ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കാൻ തുടങ്ങിയത്" അമ്മ പറയുന്നു.