ഷാരോൺ കൊലപാതകം; കഷായത്തിൽ കലക്കിയത് കീടനാശിനിയെന്ന് പെൺകുട്ടി
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിന്‍റെ കൊലപാതകത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മാവൻ സൂക്ഷിച്ചിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ ഷാരോണിന് നൽകിയ കഷായത്തിൽ കലക്കിയത്. ഷാരോൺ ശുചിമുറിയിൽ പോയപ്പോൾ വിഷം കലർത്തിയെന്നാണ് പ്രതി മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു. ഛർദ്ദിച്ചപ്പോൾ വിഷം കലർത്തിയെന്ന് ഷാരോണിനോട് പറഞ്ഞെന്നും പുറത്ത് പറയരുതെന്ന് ഷാരോൺ പറഞ്ഞതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. എന്നിരുന്നാലും, ഈ പ്രസ്താവനയിൽ വ്യക്തത കുറവുണ്ട്. ഗ്രീഷ്മയുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഗ്രീഷ്മയുടെ മാതാപിതാക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഷാരോണിന്‍റെ പിതാവ് ആരോപിച്ചു. ഷാരോണിനെ കൊന്നത് താനാണെന്ന് ഗ്രീഷ്മ ഇന്ന് പൊലീസിനോട് സമ്മതിച്ചിരുന്നു. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കൊലപാതകം പുറത്തറിയുന്നത്. ശാസ്ത്രീയ തെളിവുകളും മൊഴിയിലെ വൈരുദ്ധ്യങ്ങളുമായിരുന്നു കേസന്വേഷണത്തിലെ പ്രധാന തുമ്പുകൾ. കൊലപാതകം ആസൂത്രണം ചെയ്യാൻ പെൺകുട്ടി ഇന്‍റർനെറ്റിൽ തിരഞ്ഞതായും പൊലീസ് കണ്ടെത്തി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാനാണ് കൊലപ്പെടുത്തിയതെന്നും കഷായത്തിൽ വിഷം കലർത്തിയതാണെന്നും പെൺകുട്ടി പൊലീസിനോട് സമ്മതിച്ചു. ഗ്രീഷ്മ (22) രണ്ടാം വർഷ എം എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ്.