ഷാരോണിന്റെ ദുരൂഹമരണം കൊലപാതകം; ഗ്രീഷ്‌മ കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: നീണ്ട ചോദ്യം ചെയ്യലിനും അനിശ്ചിതത്വത്തിനുമൊടുവിൽ പാറശ്ശാല സ്വദേശി ഷാരോണിന്‍റെ ദുരൂഹമരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. പെൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരം പൊലീസിന് ലഭിച്ചത്. കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പെണ്‍സുഹൃത്ത് ഗ്രീഷ്മ സമ്മതിച്ചു. വിഷം കഴിച്ച് ആശുപത്രിയിൽ കിടക്കുമ്പോഴും വിഷം നൽകി വഞ്ചിക്കില്ലെന്ന ഷാരോണിന്‍റെ ഉറപ്പായിരുന്നു ഗ്രീഷ്മയുടെ ധൈര്യം. ഇരുവരും തമ്മിലുള്ള ചാറ്റ് ഹിസ്റ്ററി നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കഷായത്തിൽ ഒന്നുമില്ലെന്ന് തറപ്പിച്ചുപറയുമ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഗ്രീഷ്മ ഷാരോണിന്‍റെ മുന്നിൽ കരയുന്ന ശബ്ദസന്ദേശങ്ങളും ഉണ്ടായിരുന്നു. തെളിവുകൾ തനിക്കെതിരെയാണെന്ന് ബോധ്യപ്പെട്ട ഗ്രീഷ്മയ്ക്ക് ഒടുവിൽ പോലീസിന്‍റെ ചോദ്യം ചെയ്യലിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. മരിച്ച ഷാരോണും കാമുകിയും ഷാരോണിന്‍റെ സുഹൃത്തുക്കളും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ഷാരോണിന്‍റെ ബന്ധുക്കൾ പുറത്തുവിട്ടു. താൻ കുടിച്ചുകൊണ്ടിരുന്ന കഷായം ഷാരോൺ കുടിച്ചുവെന്നും താൻ മറ്റൊന്നും നൽകിയിട്ടില്ലെന്നും എന്തിനാണ് തന്നെ ഉപദ്രവിക്കുന്നതെന്നും പെൺകുട്ടി ചാറ്റിൽ ചോദിച്ചിട്ടുണ്ട്. താനും സഹോദരിയും ഇതേ കഷായമാണ് കഴിച്ചതെന്നും അതിനാൽ കഷായം പ്രശ്നമില്ലെന്നും പെൺകുട്ടി പറഞ്ഞിരുന്നു.