ഷാരോണിനെ വിളിച്ചുവരുത്തിയത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ: എഡിജിപി

തിരുവനന്തപുരം: ഷാരോണിനെ സുഹൃത്ത് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയെന്ന് എഡിജിപി അജിത് കുമാർ. ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കീടനാശിനി ചേർത്ത കഷായം നൽകിയാണ് കൊലപ്പെടുത്തിയെന്ന് ഗ്രീഷ്മ മൊഴി നൽകിയതായി എഡിജിപി പറഞ്ഞു. കൊലപാതകത്തിന്‍റെ വിശദാംശങ്ങളും ഗ്രീഷ്മയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളും വാർത്താസമ്മേളനത്തിൽ എഡിജിപി പങ്കുവെച്ചു. ആദ്യം കേസ് അന്വേഷിച്ച പാറശ്ശാല പൊലീസിൽ നിന്ന് ശനിയാഴ്ചയാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ഇതേതുടർന്ന് പെൺകുട്ടിയോടും മാതാപിതാക്കളോടും മൊഴി രേഖപ്പെടുത്താൻ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കേസിൽ ചേർക്കാൻ മതിയായ വിവരങ്ങൾ ഇതുവരെ ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് എഡിജിപി പറഞ്ഞു. എട്ട് മണിക്കൂറോളം ക്രൈംബ്രാഞ്ച് സംഘം ഗ്രീഷ്മയെ ചോദ്യം ചെയ്തു. ഒരു വർഷത്തോളം പ്രണയത്തിലായിരുന്ന ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കഴിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷാരോൺ മരിച്ചത്. റൂറൽ എസ്പി ഡി ശിൽപയുടെ നേതൃത്വത്തിലാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ജെ ജോൺസണാണ് അന്വേഷണ ഉദ്യോഗസ്ഥൻ. റൂറൽ എസ്പിയും എഎസ്പി സുൾഫിക്കറും അന്വേഷണത്തിൽ മേൽനോട്ടം വഹിക്കുന്നു.

Related Posts