കുത്തനെ കൂടി വൈദ്യുതി ഉപയോഗം; കഴിഞ്ഞ ദിവസം ഉപയോഗിച്ചത് 86.20 ദശലക്ഷം യൂണിറ്റ്
തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വർധിക്കുന്നു. കഴിഞ്ഞ ദിവസം 86.20 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. രാത്രി 7 നും 11 നും ഇടയിൽ വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കിൽ താരിഫ് വർധനവ് നേരിടേണ്ടിവരും. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ജലനിരപ്പാണ് ഇടുക്കി അണക്കെട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 47 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയം 70 ശതമാനം വെള്ളമുണ്ടായിരുന്നു. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നതോടെ വൈദ്യുതി ഉപയോഗം വർധിച്ച് കൊണ്ടിരിക്കുകയാണ്. ഈ മാസം മൂന്ന് ദിവസം കൊണ്ട് ഉപയോഗം 85 ദശലക്ഷം യൂണിറ്റ് കടന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 28ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമാണ് സർവകാല റെക്കോർഡ്. രാത്രി 7 മുതൽ 11 വരെയാണ് സംസ്ഥാനത്ത് കൂടുതൽ വൈദ്യുതി വേണ്ടിവരുന്നത്. ഡാമുകളിൽ നിന്നുള്ള ആഭ്യന്തര ഉൽപാദനം മാത്രം പര്യാപ്തമല്ല. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വെള്ളമാണ് അണക്കെട്ടുകളിലുള്ളത്. കഴിഞ്ഞ ദിവസം 4,284 മെഗാവാട്ടായിരുന്നു പീക്ക് സമയത്തെ ആവശ്യം. ഉപയോഗം കൂടിയാൽ ഉയർന്ന വിലയ്ക്ക് കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരും. ഇങ്ങനെ നൽകുന്ന വൈദ്യുതിക്ക് യൂണിറ്റിന് 50 രൂപ വരെ ഈടാക്കാമെന്ന് വിതരണ കമ്പനികൾക്ക് കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (സിഇസി) അനുമതി നൽകി. അതിനാൽ, പീക്ക് സമയങ്ങളിൽ വൈദ്യുതി ശ്രദ്ധാപൂർവ്വം ഉപയോഗിച്ചില്ലെങ്കിൽ, സർ ചാർജ് ഉപയോക്താക്കളുടെ ചുമലിൽ വരും.