കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള മത്സര സാധ്യത തള്ളാതെ ശശി തരൂർ

പത്തനംതിട്ട: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനുള്ള സാധ്യത തള്ളാതെ ശശി തരൂർ. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും പാർട്ടി തീരുമാനത്തിന് ശേഷം തീരുമാനം മാറ്റണമോയെന്ന് ആലോചിക്കാമെന്നും തരൂർ പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു. "നിലവിലെ സാഹചര്യത്തിൽ ഒരു മത്സരത്തിന് ഞാൻ ഉദ്ദേശിക്കുന്നില്ല. പാർട്ടിയുടെ അന്തിമ തീരുമാനം അറിഞ്ഞ ശേഷം വീണ്ടും തീരുമാനമെടുക്കേണ്ടി വരും. എന്നാൽ നിലവിലെ സാഹചര്യത്തിൽ മറ്റുള്ളവർക്ക് വിട്ടുകൊടുക്കാം എന്നാണ്. എല്ലാം നേതൃത്വത്തിന്‍റെ കൈകളിലാണ്. അവർ തീരുമാനിക്കട്ടെയെന്നും" തരൂർ പറഞ്ഞു. തന്നെ പ്രവർത്തക സമിതിയിലേക്ക് നാമനിർദേശം ചെയ്താൽ അത് സ്വീകരിക്കുമെന്നും തരൂർ കൂട്ടിച്ചേർത്തു. ഈ മാസം 24 മുതൽ 26 വരെ റായ്പൂരിൽ ചേരുന്ന പാർട്ടി പ്ലീനറി യോഗത്തിൽ വച്ചാണ് പ്രവർത്തക സമിതിയെ തിരഞ്ഞെടുക. കോൺഗ്രസ് അധ്യക്ഷനെ കൂടാതെ 23 അംഗ കോൺഗ്രസ് പ്രവർത്തക സമിതിയെയാണ് തിരഞ്ഞെടുക്കുക. 12 നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും 11 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും അടങ്ങുന്നതാണ് പ്രവർത്തക സമിതി. കഴിഞ്ഞ 25 വർഷത്തിനിടെ ഇതാദ്യമായാണ് പ്രവർത്തക സമിതി തിരഞ്ഞെടുപ്പ് നടക്കുന്നത്.

Related Posts