മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടോ?; രാഷ്ട്രീയ നയങ്ങൾ വ്യക്തമാക്കി ശശി തരൂർ എം.പി
കൊച്ചി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനുള്ള സാധ്യത ശരിവച്ച് ശശി തരൂർ എംപി. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പരസ്യമായും രഹസ്യമായും പിന്തുണച്ചവരുണ്ട്. അവരുമായി ചർച്ച ചെയ്ത് രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും തരൂർ പറഞ്ഞു. ഒരു നായർക്ക് മറ്റൊരു നായരെ കാണാൻ കഴിയില്ലെന്ന് എൻഎസ്എസ് വേദിയിൽ പറഞ്ഞത് ഒരു തമാശയായിരുന്നു. കേരള രാഷ്ട്രീയത്തിൽ നർമ്മത്തിനു സ്ഥാനമില്ലെന്ന് താൻ പഠിച്ചുവെന്നും തൻ്റെ വിശ്വാസത്തെയും ദർശനത്തെയും കുറിച്ച് ആർക്കും ഒരു സംശയവും ഉണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനും തരൂർ മറുപടി നൽകി. കേരളത്തിന്‍റെ മുഖ്യമന്ത്രിയാകാൻ താൻ തയ്യാറാണ്, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ജനങ്ങളാണ്. കേരളത്തിലെ പല പ്രശ്നങ്ങളുടെയും കാരണം കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യേണ്ട വലിയ ഉത്തരവാദിത്തമുള്ള ജോലിയാണെന്നും തരൂർ പറഞ്ഞു.