യു പിയിലെ മികച്ച വിജയത്തിന്റെ ക്രെഡിറ്റ് മോദിയ്ക്ക്; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍
ജയ്പുര്‍: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അസാമാന്യമായ പ്രഭാവവും ഊര്‍ജവും ഉള്ളയാളാണ് മോദിയെന്നും ഉത്തർപ്രദേശിലെ മികച്ച വിജയത്തിന്റെ ക്രെഡിറ്റ് മോദിക്കുള്ളതാണെന്നും തരൂര്‍ പ്രശംസിച്ചു. ജയ്പുര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രധാനമന്ത്രി നരേന്ദ്ര മോദി അസാമാന്യമായ പ്രഭാവവും ഊര്‍ജവും ഉള്ളയാളാണ്. ചില കാര്യങ്ങള്‍ അദ്ദേഹം വളരെ നന്നായിത്തന്നെ ചെയ്തു, പ്രത്യേകിച്ച് രാഷ്ട്രീയമായ ചില കാര്യങ്ങള്‍''- തരൂര്‍ പറഞ്ഞു. യുപിയില്‍ ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ അദ്ദേഹം വിജയിക്കുമെന്ന് ഞങ്ങള്‍ കണക്കു കൂട്ടിയിരുന്നില്ല. പക്ഷേ അദ്ദേഹത്തിന് അതു ചെയ്യാനായി- തരൂര്‍ പറഞ്ഞു. ഇന്ത്യയിലെ വോട്ടര്‍മാര്‍ക്ക് അമ്പരപ്പിക്കുന്ന ഫലങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവുണ്ട്. ഒരിക്കല്‍ അവര്‍ ബിജെപിയെ അമ്പരപ്പിക്കുക തന്നെ ചെയ്യും. ഇപ്പോള്‍ അവര്‍ എന്തായാലും ബിജെപിക്ക് വേണ്ടത് നല്‍കിയെന്നും തരൂര്‍ പറഞ്ഞു.
അതേ വേദിയിൽ മോദിക്കെതിരെ കടുത്ത വിമർശനവും അദ്ദേഹം ഉന്നയിച്ചു. രാജ്യത്തെ വര്‍ഗീയവും മതപരവുമായ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന ശക്തികളെ മോദി അഴിച്ചുവിട്ടുവെന്നും അത് നിര്‍ഭാഗ്യകരമാണെന്നും ശശി തരൂര്‍ പറഞ്ഞു.