ഒരു ബില്യൺ കടന്നതിന്റെ പിറ്റേന്ന്, വി ആർ രാഗേഷിന്റെ കാർട്ടൂൺ പങ്കുവെച്ച് ശശി തരൂർ

ഓരോ ഇന്ത്യക്കാരന്റെയും നേട്ടമായി കേന്ദ്ര സർക്കാർ ഉയർത്തിക്കാട്ടുന്ന 100 കോടി വാക്സിനേഷനെ കാർട്ടൂണിസ്റ്റിന്റെ കണ്ണിലൂടെ വീക്ഷിച്ച് കോൺഗ്രസ് നേതാവും എം പി യുമായ ശശി തരൂർ. ഒരു ബില്യൺ വാക്സിനേഷനോടുള്ള തന്റെ പ്രതികരണം എന്ന നിലയിലാണ് മാധ്യമത്തിൽ വി ആർ രാഗേഷ് വരച്ച കാർട്ടൂൺ ശശി തരൂർ ട്വിറ്ററിൽ ഷെയർ ചെയ്തത്. "ദി ഡേ ആഫ്റ്റർ വൺ ബില്യൺ...എ റിമയ്ൻഡർ" എന്ന തലക്കെട്ടോടെയാണ് കാർട്ടൂൺ പങ്കുവെച്ചിട്ടുള്ളത്.

കൊവിഡ് പ്രതിസന്ധിക്കു പുറമേ പാചക വാതകത്തിന്റെ വില വർധനവും പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റവും സാധാരണക്കാരെ എത്രമാത്രം പ്രയാസത്തിലാക്കുന്നു എന്നതിന്റെ നേർചിത്രമാണ് വി ആർ രാഗേഷിന്റെ കുറിക്കുകൊള്ളുന്ന വരയിൽ തെളിയുന്നത്. ഒരു ശരാശരി ഇന്ത്യക്കാരന്റെ മുതുകിൽ താങ്ങാനാവാത്ത ഭാരമായി കയറിയിരിക്കുന്ന കൊവിഡ് വൈറസും അതിനും മുകളിൽ കയറിയ എൽ പി ജി, പെട്രോൾ, ഡീസൽ വിലക്കയറ്റവും ചിത്രത്തിലുണ്ട്. പ്രതിസന്ധികളുടെ നടുവിലും പ്രധാനമന്ത്രി നടത്തുന്ന യോഗാഭ്യാസവും മയിലിന് തീറ്റ നൽകുന്നതും എല്ലാം ചേർത്ത് ആക്ഷേപഹാസ്യ രൂപത്തിലുള്ള കാർട്ടൂണാണ് രാഗേഷിന്റെത്.

തരൂരിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ധാരാളം പ്രതികരണങ്ങൾ വരുന്നുണ്ട്. മോദിയെ അപകീർത്തിപ്പെടുത്തുകയാണ് തരൂരിന്റെ ലക്ഷ്യമെന്ന് വിമർശകർ ആക്ഷേപിക്കുമ്പോൾ ജനസംഖ്യയിൽ കേവലം 30 ശതമാനം പേർക്ക് മാത്രമാണ് രണ്ട് ഡോസ് വാക്സിൻ ലഭിച്ചതെന്ന യാഥാർഥ്യം 100 കോടി കണക്കിനിടയിൽ മറന്നു പോകരുതെന്നാണ് തരൂരിനെ അനുകൂലിക്കുന്നവർ പറയുന്നത്.

Related Posts