ഉക്രേനിയൻ പതാക പുതച്ച യുവാവും റഷ്യൻ പതാക പുതച്ച യുവതിയും; സോഷ്യൽ മീഡിയയിൽ ചർച്ചയായി ശശി തരൂരിൻ്റെ ട്വീറ്റ്
യുദ്ധത്തിനും സംഘർഷത്തിനും മീതെ വിജയിക്കേണ്ടത് സ്നേഹവും സമാധാനവും സഹവർത്തിത്വവുമാണെന്ന് കോൺഗ്രസ് നേതാവും പാർലമെൻ്റ് അംഗവുമായ ശശി തരൂർ. ഉക്രേനിയൻ പതാക പുതച്ച യുവാവും റഷ്യൻ പതാക പുതച്ച യുവതിയും ആലിംഗനം ചെയ്യുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് തരൂരിൻ്റെ ട്വീറ്റ്.
എന്നാൽ രണ്ടു വർഷം പഴക്കമുള്ള ചിത്രമാണ് തരൂർ പങ്കുവെച്ചതെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ബെലറൂസിലെ റാപ്പർ ഗായകൻ മാക്സ് കോർച്ച് രണ്ട് വർഷം മുമ്പ് നടത്തിയ ഒരു സംഗീത പരിപാടിക്കിടെ എടുത്ത ചിത്രമാണ്. ഉക്രയ്നിലോ റഷ്യയിലോ വെച്ചല്ല, മറിച്ച് പോളണ്ടിൻ്റെ തലസ്ഥാനമായ വാർസോയിൽ വെച്ചു നടന്ന പരിപാടിക്കിടയിലാണ് ചിത്രം എടുത്തത്.
അതേസമയം എന്ന്, എവിടെ വെച്ച് എടുത്തതായാലും, എത്ര പഴക്കമുള്ള ചിത്രമായാലും അത് വിനിമയം ചെയ്യുന്ന ആശയം ഏറ്റവും പ്രസക്തമായ സന്ദർഭത്തിലാണ് ചിത്രം ട്വീറ്റ് ചെയ്തതെന്നാണ് തരൂർ അനുകൂലികളുടെ വാദം.