പാചക രംഗത്തെ നിറ സാന്നിധ്യവും, സിനിമ നിര്‍മ്മാതാവും, കേറ്ററിംഗ് ശൃംഖലയുടെ ഉടമയുമായ നൗഷാദ് അന്തരിച്ചു.
രുചിലോകത്ത് മലയാളികളുടെ സുപരിചിതനായ നൗഷാദ് വിടവാങ്ങി .
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത് . 55 വയസായിരുന്നു. നൗഷാദ് ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
ആന്തരിക അവയവങ്ങളിലെ അണുബാധയെ തുടര്‍ന്നാണ് നൗഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കാല്‍മുട്ടിന് പരുക്കേറ്റതിനെ തുടര്‍ന്ന് വെല്ലൂരിലും ചികില്‍സ തേടിയിരുന്നു. ഒരാഴ്ച മുമ്പാണ് ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു .
ഷെഫ് ആയിരുന്ന നൗഷാദ് കൈരളി ചാനലിലെ പാചക പരിപാടിയിലൂടെയാണ് സുപരിചിതനാകുന്നത്. പിന്നീട് മറ്റ് ചാനലുകളിലും കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായി. സഹപാഠിയും നാട്ടുകാരനുമായ ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന സിനിമയുടെ നിര്‍മ്മാതാവായി നൗഷാദ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നു.
ബിഗ് സ്‌ക്രീന്‍ എന്ന ബാനറിൽ ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല എന്നീ സിനിമകളും നൗഷാദ് നിര്‍മ്മിച്ചു. നൗഷാദ് കാറ്ററിംഗ് സര്‍വീസ് എന്ന പേരിലായിരുന്നു ഭക്ഷണ വിതരണ ശൃംഖല. നൗഷാദ് ദ ബിഗ് ഷെഫ് എന്ന പേരിലായിരുന്നു റസ്റ്റോറന്റ് ശൃംഖല .