ചിത്രത്തിന് ലൈക്കടിച്ച് ഷെയ്ഖ് ഹംദാൻ: ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായി മലയാളി യുവാവ്

ദുബായ്: ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായി മലയാളി യുവാവ്. ദുബായിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയും ഫ്രീലാൻസ് ഫൊട്ടോഗ്രഫറുമായ നിസ്ഹാസ് അഹമദാണ് താൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനു ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലൈക്കടിച്ച് കമന്റ് പോസ്റ്റ് ചെയ്തതോടെ ശ്രദ്ധേയനായത്. @faz3 എന്ന തന്റെ ഇൻസ്റ്റഗ്രാം പേജിൽ സജീവമായ അദ്ദേഹം നിസ്ഹാസിന്റെ പടത്തിന് രണ്ടു തംപ്സ് അപ് ഇമോജി നൽകിയാണ് അഭിനന്ദിച്ചത്. കഴിഞ്ഞദിവസമാണു സംഭവം. അമേരിക്കയിൽ നിന്നു വന്ന തന്റെ സുഹൃത്തുക്കളിലൊരാൾ ബഹുനില കെട്ടിടത്തിന്റെ ടെറസിന്റെ കൈവരിയിലിക്കുന്നതാണു പടത്തിലുള്ളത്. ദുബായുടെ ലോകപ്രശസ്ത മുദ്രകളായ ബുർജ് ഖലീഫയും മറ്റു കെട്ടിടങ്ങളും ഷെയ്ഖ് സായിദ് റോഡിൽ നിന്നുള്ള ദൃശ്യത്തിന്റെ പശ്ചാത്തലത്തിനു ചാരുത പകരുന്നു. ചിത്രം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തതോടെ ഒട്ടേറെ ലൈക്കുകളും കമന്റുകളും ലഭിച്ചു. എന്നാൽ, ഷെയ്ഖ് ഹംദാന്റെ ലൈക്കും കമന്റും അഭിനന്ദനവും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇപ്പോഴുമതു വിശ്വസിക്കാനാകുന്നില്ലെന്നും നിസ്ഹാസ് പറയുന്നു. "ഇതിന് ശേഷം സംസാരിക്കാനാത്ത വിധം ഞെട്ടലിലായിരുന്നു. ഞാൻ അരമണിക്കൂറോളം പുറത്തിറങ്ങി നടന്നതിനു ശേഷമാണു വിശേഷം എല്ലാവരോടും പങ്കുവച്ചത്. എന്നെങ്കിലും ഒരിക്കലും അദ്ദേഹത്തെ നേരിൽ കാണണമെന്നാണ് ആഗ്രഹം" നിസ്ഹാസ് പറഞ്ഞു.

Related Posts