അറബിനാടിൻ്റെ തലയുയർത്തി പിടിച്ച മൊറോക്കോയ്ക്ക് നന്ദി അറിയിച്ച് ഷെയ്ഖ് മുഹമ്മദ്
യുഎഇ: മൊറോക്കോയും ഫ്രാൻസും തമ്മിൽ ഇന്നലെ നടന്ന ഖത്തർ ലോകകപ്പ് സെമി ഫൈനൽ മത്സരത്തിലെ മൊറോക്കോ ഫുട്ബോൾ ടീമിന്‍റെ പ്രകടനത്തിന് യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ നന്ദി രേഖപ്പെടുത്തി. “ഞങ്ങൾ സിംഹങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു, അവരുടെ പ്രകടനത്തിലും ആത്മാവിലും അഭിമാനിക്കുന്നു. സെമി ഫൈനലിൽ എത്തിയതിൽ അഭിമാനം കൊള്ളുന്ന മൊറോക്കോ, ലോകത്തിലെ ഏറ്റവും വലിയ കായിക മത്സരത്തിൽ അറബികളുടെ തലയുയർത്തിപ്പിച്ചു. നന്ദി, അറ്റ്ലസ് സിംഹങ്ങൾ,” ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. സെമി ഫൈനലിൽ തിയോ ഹെർണാണ്ടസ്, റാൻഡൽ കോലോ മുവാനി എന്നിവരുടെ തകർപ്പൻ ഗോളുകൾ ഫ്രാൻസിന് വിജയം സമ്മാനിച്ചതോടെ മൊറോക്കോയുടെ ലോകകപ്പ് സ്വപ്നത്തിന് തിരശീല വീഴുകയായിരുന്നു.