ഷർട്ട് ..
ഷർട്ട് ..
1992 കാലം
സഹകരണ സംഘങ്ങളിൽ അഗംങ്ങൾക്ക് വോട്ട് ചെയ്യണമെങ്കിൽ ഐ ഡി കാർഡ് നിർബന്ധമാക്കിയ ഇലക്ഷൻ.
ആ സമയത്താണ് നാട്ടിക ഫർക്ക റൂറൽ ബാങ്ക് ഇലക്ഷൻ വരുന്നത്.
പല പാർട്ടിക്കാരും അവരവരുടെ വോട്ട് ഉറപ്പിക്കാൻ ആളുകളെ കിട്ടുന്ന സ്ഥലങ്ങളിൽ നിർത്തി ഫോട്ടോ എടുത്ത്,
സ്റ്റുഡിയോയിൽ കൊണ്ടുപോയി പ്രിൻറ് എടുത്ത് കാർഡ് ആക്കി മാറ്റുന്ന തിരക്കിന്റെ കാലം.
അന്ന് ഓട്ടോ ഫോക്കസ് ഫിലിം ക്യാമറ അത്ര പ്രചാരത്തിൽ ആയിട്ടില്ല. പാർട്ടി ബന്ധങ്ങൾ ഉള്ള ഫോട്ടോഗ്രാഫർമാർ ആണ് ഒരോ പാർട്ടിക്കാരുടെയും ഫോട്ടോ എടുക്കുന്നത്.
അങ്ങിനെ ഫോട്ടോ എടുക്കുന്നതിന് ഞാനും നിയോഗിക്കപ്പെട്ടു.
പാർട്ടി വലപ്പാട്, തൃപ്രയാർ, നാട്ടിക, ഈ സ്ഥലങ്ങളിലെ ആളുകളുടെ ഫോട്ടോ എടുക്കാൻ എന്നെയായിരുന്നു എൽപ്പിച്ചത്.
ഞങ്ങൾ മൂന്നു സൈക്കിളിലാണ് ഒരോ ദിവസവും രാവിലെ മുതൽ യാത്ര തുടങ്ങിയത്.
ഫോട്ടോ എടുക്കാൻ ഞാനും,ബാക്ക്ഗ്രൗണ്ട് പിടിക്കാൻ രണ്ടു പേരും. കെ.ആർ.ബാബുവേട്ടൻ, ശശിയേട്ടൻ, ഇടക്ക് കുഞ്ഞേട്ടൻ, വിനോദേട്ടൻ എന്നിവർ മാറി മാറി വരും..
പാർട്ടി വോട്ട് എന്ന് ഉറപ്പുള്ളവരെ കണ്ടാൽ കിട്ടുന്ന സ്ഥലത്ത് നിർത്തി ബാക്ക്ഗ്രൗണ്ട് പിടിച്ച് ഫോട്ടോ എടുക്കുക അതാണ് പ്രധാന പണി..
നാടിന്റെ ഓരോ മുക്കും മൂലയും തിരഞ്ഞ്, ഒരാളെയും വിടാതെയുള്ള ഫോട്ടോ എടുപ്പായിരുന്നു.
അകലെ പണിക്ക് പോകുന്നവരെ രാത്രി വീടുകളിൽ ചെന്ന് ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി ഫോട്ടോ എടുക്കും.
സ്വന്തമായി ഒരു ഷർട്ട് പോലും ഇല്ലാത്തവരെ കണ്ടുമുട്ടിയ ഒരു യാത്ര കൂടിയായി അത്.
പലർക്കും ബാബുവേട്ടനോ ശശിയേട്ടനോ ഇട്ട ഷർട്ട് ഊരി കൊടുത്ത് ഫോട്ടോ എടുത്ത് തിരിച്ച് വാങ്ങി പോരുന്ന രംഗം ഇന്നും മറക്കാൻ കഴിയില്ല...
അവർക്ക് എന്താണ് സ്വന്തമായി ഒരു ഷർട്ട് പോലും ഇല്ലാത്തത് എന്ന ചോദ്യത്തിന്, ''നാട്ടുപണിക്കാരല്ലേ അവർക്ക് ഷർട്ട് ഇടാൻ എവിടെയാ നേരം?" എന്ന ബാബുവേട്ടന്റെ നിസംഗതയോടെയുള്ള മറുപടി ആണ് ഇന്നും ഞാനൊരു ഷർട്ട് എടുക്കുമ്പോൾ മനസ്സിലോടിയെത്തുന്നത് .
ഇമ ബാബു.