'ഡ്രംസിലെ ബാല വിസ്മയം '; ശിവദേവ് നേടിയെടുത്തത് രണ്ട് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്
അന്തിക്കാട്: 'ഡ്രംസിലെ ബാല വിസ്മയം 'ഒമ്പതു വയസ്സുകാരൻ ശിവദേവ് നേടിയെടുത്തത് രണ്ട് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡുകൾ. ഒമ്പതു വയസ്സിൽ ഇടവേളകളില്ലാതെ പതിനഞ്ചു മിനുട്ട് സിംഗിൾ പാര്ടിഡ്‌ഡലിൽ പരമാവധി ബീറ്റുകൾ അവതരിപ്പിച്ചായിരുന്നു ഒന്നാമത്തെ റെക്കോർഡ്, എങ്കിൽ സ്നാരെ ഡ്രമ്മിൽ ഒരു മിനിറ്റിൽ 140 ഡബിൾ സ്ട്രോക്കുകൾ ചെയ്തതിനാണ് രണ്ടാമത്തെ റെക്കോർഡ് ശിവദേവിനെ തേടിയെത്തിയത്.
തന്റെ നാലാം വയസിൽ ശിവദേവ് ഡ്രം പരിശീലനമാരംഭിക്കുന്നത്. ഏഴാം വയസ്സിൽ ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും ഡ്രം കിറ്റിൽ 91 % ഡിസ്റ്റിംഗ്ഷൻ മാർക്കോടെ ഗ്രേഡ് വൺ കരസ്ഥമാക്കിയിരുന്നു. കേരളത്തിൽ തന്നെ ഏഴു വയസ്സിൽ ഗ്രേഡ് വൺ നേടുന്ന അപൂർവ്വം കുട്ടികളിലൊരാളാണ് ശിവദേവ്. മുതിർന്നവർ മാത്രം അവതരിപ്പിക്കുന്ന വാട്ടർ ഡ്രം പൊതുവേദികളിൽ അവതരിപ്പിക്കുന്ന ഈ കൊച്ചു മിടുക്കൻ ഡ്രമ്മർ കിഡ് ശിവദേവ് എന്ന പേരിൽ സോഷ്യൽ മീഡിയകളിൽ സജീവമാണ്. സ്റ്റേജ് ഷോകളിൽ സോളോ പെർഫോമൻസ് ചെയ്തും ഉദ്ഘാടനങ്ങളിലെ കുഞ്ഞു താരമായും തിളങ്ങുന്ന ശിവദേവ് അന്തിക്കാട് ശ്രീസായി വിദ്യാപീഠത്തിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. തൃശ്ശൂർ പഴുവിൽ തൃപ്രയാർ വീട്ടിൽ ബിനുവിൻ്റെയും ഡോ. പ്രിയയുടെയും ഏകമകനാണ്. ചേറുശ്ശേരി മനോജ് മാഷാണ് ശിവദേവിന്ടെ ഗുരു.