സ്കൂൾ കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ 960 കോടി, ഞെട്ടിത്തെറിച്ച് ബിഹാറിലെ ഒരു ഗ്രാമം മുഴുവൻ
ബിഹാറിൽ സ്കൂൾ കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ 960 കോടി രൂപ കണ്ടെത്തി. വടക്കൻ ബിഹാറിലെ കത്തിഹാർ ജില്ലയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ നടന്നത്. ഭഗൗര പഞ്ചായത്തിലെ പസ്തിയ ഗ്രാമത്തിൽ സ്കൂൾ വിദ്യാർഥികളായ ഗുരുചന്ദ്ര വിശ്വാസ്, അസിത് കുമാർ എന്നിവർക്ക് നോർത്ത് ബിഹാർ ഗ്രാമീൺ ബാങ്കിൽ അക്കൗണ്ടുണ്ട്. സ്കൂൾ യൂണിഫോമിനുള്ള തുക നേരിട്ട് കുട്ടികളുടെ അക്കൗണ്ടിലേക്കാണ് വരുന്നത്. സ്കൂളിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കൽ സെൻട്രലൈസ്ഡ് പ്രൊസസിങ്ങ് സെൻ്ററിൽ നിന്ന് പണം ശേഖരിക്കാൻ എത്തിയപ്പോഴാണ് ബാങ്ക് ഉദ്യോഗസ്ഥർ ഞെട്ടിക്കുന്ന കണ്ടെത്തൽ നടത്തിയത്.
കുമാറിൻ്റെ അക്കൗണ്ടിൽ 900 കോടി രൂപയാണ് കണ്ടെത്തിയത്. വിശ്വാസിൻ്റെ ബാങ്ക് ബാലൻസ് 60 കോടി രൂപയും. ബാങ്ക് അധികൃതർ മാത്രമല്ല, കുട്ടികളും അവരുടെ കുടുംബാംഗങ്ങളും അടക്കം ഗ്രാമം മുഴുവൻ 960 കോടിയുടെ ഞെട്ടലിൽ നിന്ന് വിമുക്തമായിട്ടില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.