മെസ്സിയുടെ ഭാര്യാകുടുംബത്തിന്റെ സൂപ്പർ മാർക്കറ്റിന് നേരെ വെടിവെപ്പ്; താരത്തിന് ഭീഷണിയും

റൊസാരിയോ (അര്‍ജന്റീന): അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാര്യ ആന്റൊണെല്ല റക്കുസോയുടെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവെപ്പ്. വ്യാഴാഴ്ച രാത്രി ബൈക്കിലെത്തിയ രണ്ട് തോക്കുധാരികളാണ് വെടിയുതിർത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന് ശേഷം മെസിയെ ഭീഷണിപ്പെടുത്തുന്ന ഒരു സന്ദേശവും അക്രമികൾ ഉപേക്ഷിച്ചിട്ടുണ്ട്. "മെസ്സി, ഞങ്ങൾ നിന്നെ കാത്തിരിക്കുകയാണ്. ജാവ്കിന് നിങ്ങളെ സംരക്ഷിക്കാൻ കഴിയില്ല" സന്ദേശത്തിൽ പറയുന്നു. റൊസാരിയോയിലെ മേയറാണ് പാബ്ലോ ജാവ്കിന്‍. നഗരത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണ് ആക്രമണത്തിന്‍റെ ലക്ഷ്യമെന്ന് ജാവ്കിൻ പ്രതികരിച്ചു. ബ്യൂണസ് ഐറിസില്‍ നിന്ന് 320 കിലോമീറ്റർ വടക്കുപടിഞ്ഞാറായി മെസ്സിയുടെ ജന്മനാടായ റൊസാരിയോയിലാണ് സൂപ്പർമാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Related Posts