അങ്ങനെ ഒരു സുബ്രഹ്മണ്യ പുരാണം.

അങ്ങനെ ഒരു സുബ്രഹ്മണ്യ പുരാണം.

ഒരു തണുത്ത വെളുപ്പാൻ കാലത്താണ് അത് സംഭവിച്ചത്!!. ഞാൻ സൈക്കിളിൽ പാൽ സപ്ലൈ നടത്തി തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിയാണ്. അകലെ നിന്നുതന്നെ കേട്ടു കോലാഹലം.

സംഭവം നമ്മുടെ സുബ്രഹ്മണ്യേട്ടൻ ആണ് ട്ടോ!

“എടാ സുരേഷേ, നിനക്ക് എന്റെ പെണ്ണിനെ തന്നെ വേണം അല്ലേടാ നാറി…..”

എറിയാൻ ആഞ്ഞുപിടിച്ച കല്ലുമായി സുബ്രഹ്മണ്യേട്ടൻ അലറുകയാണ്

കക്ഷിയുടെ ലക്ഷ്യം സുരേഷേട്ടനെ പറമ്പാണെന്ന് മനസ്സിലാക്കിയ ഞാൻ സൈക്കിൾ നിർത്തി, ഏന്തി വലിഞ്ഞ് അങ്ങോട്ട് നോക്കി.

അവിടെ, മതിലിനപ്പുറത്ത്, സുബ്രഹ്മണ്യേട്ടന്റെ ഏറിൽ നിന്ന് രക്ഷപ്പെടാനായി സുരേഷേട്ടൻ പതുങ്ങി നിൽക്കുന്നു.

ചമ്മൽ അടക്കാനാകാതെ നിൽക്കുന്ന അങ്ങേരെ നോക്കി ചിരിയടക്കി ഞാൻ ചോദിച്ചു.

“അല്ല സുരേഷേട്ടാ, എന്തപ്പിവിടെ നടക്കണേ?

“ന്റെരഞ്ജി, എനിക്ക് ഒരു അബദ്ധം പറ്റിയതാ!

അയാളെ ഒന്ന് ചൊറിയാൻ പോയതാ, തിരിച്ചു പണി കിട്ടീന്ന് പറഞ്ഞാൽ മതിയല്ലോ! ആ കുരുപ്പ് വയലന്റായി!”

സുരേഷേട്ടൻ ശബ്ദം താഴ്ത്തി പറഞ്ഞു.

തുടർന്ന് അപേക്ഷ സ്വരത്തിൽ ഒരു ചോദ്യം .

‘ഈ പഹയന്റെ കയ്യീന്ന് രക്ഷപ്പെടാൻ വല്ല വഴിയുമുണ്ടോ?

സുരേഷേട്ടന്റെ ധർമ്മസങ്കടം ഉൾക്കൊണ്ട രഞ്ജി അരയും തലയും മുറുക്കി സുബ്രഹ്മണ്യേട്ടന്റെ നേർക്ക് തിരിഞ്ഞു.

സുബ്രഹ്മണ്യേട്ടൻ പറ, എന്താ പ്രശ്നം?

സുബ്രഹ്മണ്യേട്ടൻ കണ്ണുതുറുപ്പിച്ച്, വയറു തുടുപ്പിച്ച്, ഒരുവിധം കോപമടക്കി.

“എട രഞ്ജി, ഞാനിവിടെ പല്ലുതേച്ച് മോക്കെഴുകിക്കൊണ്ടിരിക്കുകയായിരുന്നു.

അപ്പ, ഇവനില്ലേ ഈ സുരേഷ്, ഈ തെണ്ടി പറയല്ലേ, അവൻ എന്റെ സന്ധ്യേ കെട്ടാൻ പൂവാന്ന്!”

പറഞ്ഞു നിൽക്കെ കോപം കൊണ്ട് വിറച്ച സുബ്രേട്ടൻ അടുത്തു കിടന്ന ഒരു മുട്ടൻ വടിയെടുത്ത് സുരേഷേട്ടനെ തല്ലാനാഞ്ഞു.

ഞാൻ തടഞ്ഞതോണ്ട് ഒരു കൊലപാതകം ഒഴിവായീന്ന് പറഞ്ഞാൽ മതിയല്ലോ.

“രഞ്ജിത്തേ, നിനക്കറിയില്ലേ ഞാൻ അവളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്”

പറഞ്ഞു നിൽക്കേ സുബ്രഹ്മണ്യേട്ടന്റെ കണ്ഠമിടറി.

സത്യം പറയാലോ ആ നിമിഷം എന്റെ മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.

ഒരു ജന്മം മുഴുവൻ ഭ്രാന്തമായ ചിന്തകൾ പങ്കുവെച്ചുകൊണ്ട് ജീവിച്ചു തീർക്കുക!

നിരർത്ഥകമായ കാമനകളിലൂടെ സഞ്ചരിക്കുക ഒരുകണക്കിന് തനിക്ക് താൻ അന്യനായി മാറ്റുന്നത് അവർ തിരിച്ചറിയുന്നില്ലോ എന്ന് ആശ്വസിക്കാം.

“പോട്ടെ ചേട്ടാ! സുരേഷേട്ടൻ വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞതല്ലേ”

ഞാൻ അലിവോടെ സുബ്രഹ്മണ്യേട്ടനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

സുബ്രഹ്മണ്യേട്ടൻ വിശ്വാസം വരാത്ത വണ്ണം സുരേഷേട്ടനെ നോക്കി.

“എന്റെ സുബ്രഹ്മണ്യേട്ടാ, ഞാനത് തമാശയ്ക്ക് വെറുതെ പറഞ്ഞതല്ലേ?.”

സുരേഷ് ചേട്ടന്റെ വാക്കുകൾ ജനിപ്പിച്ച ആശ്വാസം സുബ്രഹ്മണ്യേട്ടന്റെ മുഖത്ത് വായിച്ചെടുക്കാനായി.

അങ്ങനെ ഒരു വിധത്തിൽ സുബ്രഹ്മണ്യേട്ടനെ സമാധാനിപ്പിച്ചു ഒരു ലെവലാക്കി കൊണ്ടു വരുമ്പോഴാണ് ലഹളകേട്ട് നാണുച്ചേട്ടൻ അങ്ങോട്ട് കടന്നു വന്നത്.

എന്തു പറയാനാ….!!അങ്ങേർ സംഭവം മൊത്തം കലക്കി കൈയ്യിൽ തന്നു..!!

“എന്റെ സുബ്രഹ്മണ്യാ… ,ഇത്ര പ്രായമായിട്ടും ഈ പ്രാന്ത് നിന്നെ വിട്ട് ഒഴിഞ്ഞു പോയില്ലേ ??”

അയാൾ തൊടുത്തുവിട്ട അസ്ത്രം സുബ്രഹ്മണ്യേട്ടന്റെ നെഞ്ചിൽ തന്നെയാണ് ആഞ്ഞു കേറിയത്.

അയാളിൽ കെട്ടടങ്ങി കൊണ്ടിരുന്ന കോപത്തിന്റെ ജ്വാലകൾ കത്തിജ്വലിച്ചു.

“ആർക്ക് പ്രായായി, ഇവിടെ ആർക്ക് പ്രായായിന്നാ നിങ്ങൾ പറഞ്ഞു വരണേ?

സുബ്രഹ്മണ്യേട്ടൻ നിന്നു വിറച്ചു.

രംഗം അത്ര പന്തിയല്ലെന്നു കണ്ട് ഞാൻ ഒന്നു മാറ്റി പിടിച്ചു.

“അല്ല സുബ്രഹ്മണ്യേട്ടാ ചേട്ടനെത്ര വയസ്സായി?”

“എനിക്കോ? ആൾ അൽപനേരം ഗമയിൽ അങ്ങനെ നിന്നു. എന്നിട്ട് തുടർന്നു.

“എനിക്ക് 26 വയസ്സ് ഈ കർക്കിടകത്തിലേക്കാവും”

അങ്ങിങ്ങ് കാറ്റിലാടിക്കളിക്കുന്ന നരച്ച മൂന്ന് നാല് മുടിയിഴകളാൽ അലങ്കരിക്കപ്പെട്ട വിയർപ്പണിഞ്ഞ മൊട്ടത്തലയിലും, എന്തിനോ വേണ്ടിഎന്നവണ്ണം തുള്ളിക്കളിക്കുന്ന ആ കുടവയറിലും സുബ്രഹ്മണ്യേട്ടൻ അവകാശപ്പെടുന്ന 26 വയസ്സിന്റെ മഹാത്മ്യം ഞാൻ തിരഞ്ഞുകൊണ്ട് നിൽക്കേ , അടക്കാൻ വയ്യാതെ നാണുവേട്ടൻ പൊട്ടിച്ചിരിക്കുവാൻ തുടങ്ങി.

ഞാനാദ്യമേ പറയട്ടെ!

ഞങ്ങടെ സുബ്രഹ്മണ്യേട്ടൻ!

ആളൊരു സംഭവാണ് ട്ടോ!

എട്ടു പത്ത് വയസ്സുള്ളപ്പോൾ മദ്രാസിലെ ചായക്കടയിലേക്ക് സഹായത്തിനായി അച്ഛനോടൊപ്പം വണ്ടി കയറിയതാണ് നമ്മുടെ സുബ്രേട്ടൻ.

പഠനവും ചായക്കടയുമായി കാലം കഴിയവേ സുബ്രേട്ടനിൽ പ്രകടമായ ചില മാറ്റങ്ങൾ അച്ഛന്റെ കണ്ണിൽ പെട്ടു.

സംഭവം പന്തിയല്ലെന്ന് മനസ്സിലാക്കിയ അച്ഛൻ സുബ്രേട്ടനുമായി ഡോക്ടറുടെ സഹായം തേടി.

മദ്രാസിലെ കഠിനമായ ചൂടും, കുടുംബത്തെ പിരിഞ്ഞു നിൽക്കുന്ന സങ്കടവും കുഞ്ഞു സുബ്രഹ്മണ്യന്റെ മനോനിലയെ കാര്യമായി ബാധിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ.

അങ്ങനെ സുബ്രഹ്മണ്യേട്ടൻ തിരികെ നാട്ടിൽ എത്തപ്പെട്ടു.

വർഷങ്ങൾ കഴിഞ്ഞുവെങ്കിലും സുബ്രേട്ടന്റെ ഭ്രാന്തിനു യാതൊരു മാറ്റവും ഉണ്ടായില്ല.

ഇപ്പോൾ ഏകദേശം എഴുപതിൽ എത്തിനിൽക്കുന്ന അങ്ങേരുടെ മനസ്സിൽ താൻ ഇപ്പോഴും ഇരുപതുകളിൽ തെളിഞ്ഞു നിൽക്കുന്ന യുവകോമളനാണ്.

പോലീസിൽനിന്നുള്ള അപ്പോയിന്റ്മെന്റ് ഓർഡർ കാത്തിരിക്കുന്ന സുബ്രേട്ടന്റെ മനസ്സിൽ ഇന്നൊരു സുന്ദരിയുണ്ട്.

ഞങ്ങളുടെ സുബ്രേട്ടന്റെ മനസ്സിനെ കീഴടക്കിയ ആ സുന്ദരിയെ പരിചയപ്പെടുത്തിയാൽ നിങ്ങൾ ഞെട്ടരുത്.

അത് മറ്റാരുമല്ല!! സാക്ഷാൽ ഡിജിപി സന്ധ്യ.!!

“അല്ല സുബ്രഹ്മണ്യാ, നിന്റെ കല്യാണം ആണെന്ന് കേട്ടല്ലോ?നാണുച്ചേട്ടൻ ഗൗരവത്തിൽ ആരാഞ്ഞു.

“അതേ! എന്റെ കല്യാണമാണ്. അപ്പോയിന്റ്മെന്റ് ഓർഡർ കിട്ടി ജോലിക്കു ചേർന്ന് അടുത്ത മാസം കല്യാണം.” സുബ്രഹ്മണ്യൻ മീശ വിറപ്പിച്ചു കൊണ്ട് പറഞ്ഞു നിർത്തി.

“അല്ല സുബ്രഹ്മണ്യാ, നിനക്കാകെ മൂന്നു മൂന്നര യടി പൊക്കല്ലേ ഉള്ളൂ. നിന്നെ പോലീസിൽ ഒക്കെ എടുക്കുവോ?” ചിരിയടക്കി നിൽക്കുന്ന ഞങ്ങളെ നോക്കി കണ്ണിറുക്കി കൊണ്ട് നാണുച്ചേട്ടൻ ചോദിച്ചു.

“നിങ്ങൾ പണ്ടത്തെ എന്നെ കണ്ടിട്ടുണ്ടോ? ഞാൻ മദ്രാസിൽ ഉള്ളപ്പോൾ ആറര അടി പൊക്കമുണ്ടായിരുന്നു. പിന്നെ ഇവിടെ കുറെ കുശുമ്പന്മാര്!!. അവരൊക്കെ മന്ത്രവാണം ചെയ്തത് എന്റെ പൊക്കം കുറച്ചതാ..” സുബ്രേട്ടൻ പറഞ്ഞുനിർത്തി.

“പക്ഷേ വഴിയുണ്ട്, ഞാൻ മാധവൻവൈദ്യനെ കണ്ടിരുന്നു. അയാൾ ചവിട്ടി ഉഴിഞ്ഞ് പൊക്കം വെപ്പിക്കാമെന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്.”

കേട്ടുനിന്ന ഞങ്ങളുടെ കിളി പോയി എന്ന് പറഞ്ഞാൽ മതിയല്ലോ.

“ചവിട്ടിയുഴിഞ്ഞാൽ എത്രത്തോളം പൊക്കം വയ്ക്കുമെന്നാ മാധവൻ പറഞ്ഞേ??” നാണുച്ചേട്ടന് വിടാൻ ഭാവമില്ല.

“അത് ഏകദേശം ഒരു ആറര-ഏഴ് അടിയോളം.” സുബ്രേട്ടൻ നിസ്സംശയം പറഞ്ഞു.

“ഏഴടിയോ?”ഞങ്ങളൊരുമിച്ച് ആരാഞ്ഞു.

‘അതെ’സുബ്രഹ്മണ്യേട്ടൻ തല ഉയർത്തി പറഞ്ഞു. .അഭിമാനത്തോടെ!

“ഉവ്വ! ഇവനസ്സല് നുണ പറയാ…”സുബ്രേട്ടനെ നാണുച്ചേട്ടൻ ചൊടിപ്പിച്ചു .

“ഞാനല്ല നീയാ നൊണപറയണേ”സുബ്രേട്ടൻ കോപം കൊണ്ട് നിന്നു തുള്ളി.

“ചവിട്ടി ഉഴിഞ്ഞാൽ പൊക്കം വയ്ക്കുംത്രേ ഇതൊക്കെ ആരാ വിശ്വസിക്കാ…”നാണുച്ചേട്ടൻ എരികേറ്റി കൊണ്ട് പറഞ്ഞു.

“നീ നോക്കിക്കോ!! ഏഴടി പൊക്കോം വച്ച്, സന്ധ്യേനെം കല്യാണോംകഴിച്ച് നിന്റെയൊക്കെമുന്നീക്കോടെ ഇങ്ങനെയിങ്ങനെ ഞാൻ നടക്കും.”

സുബ്രേട്ടൻ വിരൽ ഞൊടിച്ചു കൊണ്ട് ഞങ്ങളെ നോക്കി വെല്ലുവിളിച്ചു.

എന്നിട്ട് തിരിഞ്ഞ് തന്റെ വീടു ലക്ഷ്യമാക്കി നടന്നു.

സുബ്രഹ്മണ്യപുരാണത്തിലെ മറ്റൊരേടായി ഞങ്ങളും ഇത് എഴുതിച്ചേർത്തു.

Related Posts