എഴുത്ത് - കല
ചെറുകഥ - മുറിവേറ്റവൾ.

ചെറുകഥ - മുറിവേറ്റവൾ
‘എനിക്ക് തന്ന വാക്ക് നീ പാലിക്കണം’ ഹേമലത രാഹുലിനെ ഓർമപ്പെടുത്തി.. ‘വാക്കു പറഞ്ഞാൽ അത് വാക്ക് ആയിരിക്കണം.’ അവർ കൂട്ടിച്ചേർത്തു.
രാഹുൽ ലാപ്പിൽ നിന്ന് പതിയെ മുഖമുയർത്തി .
‘മീരയേയും തുമ്പി മോളെയും കാണാതെ തിരിച്ചു പോകില്ലെന്ന് നീ എനിക്ക് വാക്ക് തന്നിരുന്നു. ‘
രാഹുലിന്റെ മൗനം ഹേമയെ ചൊടിപ്പിച്ചു.
‘തുമ്പിമോളെ കാണണമെന്ന് നിനക്കാഗ്രഹമില്ലേ?’ ഹേമ ചോദിച്ചു..
രാഹുലിന്റെ ചുണ്ടിൽ ഒരു വരണ്ട ചിരി പ്രത്യക്ഷപ്പെട്ടു.
‘അത് എൻറെ ജീവിതത്തിലെ മുറിച്ചുമാറ്റപ്പെട്ട ഒരേടല്ലേ അമ്മേ?’ രാഹുൽ ആരാഞ്ഞു.
‘ആരു മുറിച്ചുമാറ്റി നീയോ അതോ അവരോ?’ ഹേമയുടെ ശബ്ദത്തിന് കനം കൂടി.
‘ഓ നിൻറെ പുതിയ ഭാര്യയെ ഭയന്നാകുമല്ലേ?’ ഇനിയെങ്കിലും ഒരാണായി ജീവിക്കെടാ'. അമർഷത്തോടെ അവർ പിറുപിറുത്തു.
ഹേമയ്ക്ക് അന്ന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു.. മറ്റൊന്നും കൊണ്ടല്ല!
ഏറെ നാളുകളുടെ കാത്തിരിപ്പിനൊടുവിൽ തൻറെ ആഗ്രഹം പൂവണിയാൻ പോകുന്നു.. പതിവില്ലാത്ത ഒരക്ഷമ അവരെ വരിഞ്ഞുമുറുക്കി.
സ്കൂൾവിട്ട് വീട്ടിലേക്ക് തിരിച്ചെത്തിയ മീര വീട്ടുമുറ്റത്ത് കിടക്കുന്ന ‘ഫോർച്യൂണർ' പുതിയ രജിസ്ട്രേഷൻ കണ്ട് അതാരാണെന്നാദ്യം സംശയിച്ചു.
പിന്നെ ഹൗസ് ഓണർ സദാനന്ദനങ്കിളിന്റെ വിസിറ്റേഴ്സ് ആയിരിക്കും എന്ന് കരുതി.
പതിയെ സ്കൂട്ടി സ്റ്റാൻഡിൽ വെക്കുമ്പോഴാണ് അകത്തേക്ക് തുള്ളിച്ചാടി കയറിപ്പോയ തുമ്പി മോളുടെ ‘അച്ഛേ' എന്നുള്ള നിലവിളി കേട്ടത്.
ഒരു നിമിഷം മീരയുടെ ഹൃദയം നിലച്ചു പോയി !
ചലനശേഷി വീണ്ടെടുത്ത മീര അകത്തേക്ക് നടന്നു. ഹാളിലേക്ക് പ്രവേശിച്ച അവൾ രാഹുലിന്റെ കഴുത്തിലൂടെ കരം ചേർത്ത്, മാറിൽ മുഖമമർത്തി ഏങ്ങിയേങ്ങി കരയുന്ന തുമ്പി മോളെ കണ്ടു. ഹൃദയഹാരിയായ ആരംഗം കണ്ടുകൊണ്ടിരുന്ന ഹേമയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
മിഴികൾ തുടച്ച് മുഖമുയർത്തിയ ഹേമ രാഹുലിനെയും തുമ്പിമോളേയും നോക്കി സ്തംഭിച്ച് നിൽക്കുന്ന മീരയെയാണ് കണ്ടത്,
‘ മോളെ' എന്ന് വിളിച്ചുകൊണ്ട് ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കാൻ ഭാവിച്ച ഹേമയെ തടഞ്ഞ് മീര അവർക്കരികിലേക്ക് നീങ്ങി..
ഹേമ മീരയെ തന്നിലേക്ക് അണച്ചിരുത്തി.
വികാരാധിക്യത്താൽ അവരുടെ ശരീരം വിറകൊള്ളുന്നുണ്ടായിരുന്നു.
മീര ഒരു നനുത്ത പുഞ്ചിരിയോടെ ആയമ്മയെ നോക്കി.
ഇടയ്ക്കെപ്പോഴോ രാഹുലിന്റെ മിഴികൾ മീരയിൽ പതിഞ്ഞു.
അവളിൽ വന്ന മാറ്റം അവനെ അത്ഭുതപ്പെടുത്തി ..
പഴയ മീരയുടെ ലാഞ്ചനപോലും ഇന്ന് അവളിൽ അവശേഷിക്കുന്നില്ല .
അവൾ കുറച്ചുകൂടി മെലിഞ്ഞ്, വടിവോടെ സുന്ദരിയായിരിക്കുന്നു. നിശ്ചയദാർഢ്യം നിഴലിക്കുന്ന നീണ്ട, മനോഹരമായ ആ മിഴികളിൽ ആത്മവിശ്വാസം സ്ഫുരിച്ചു നിന്നിരുന്നു.
അഴകൊത്ത ആ നെറ്റിയിൽ ചാർത്തിയിരുന്ന കറുത്ത ചെറിയ പൊട്ട് അവളുടെ ശാലീനതയ്ക്ക് മാറ്റുകൂട്ടി..വൃത്തിയായി ഞൊറിഞ്ഞ് ഒതുക്കിയെടുത്ത ആ കോട്ടൻ സാരിയിൽ അവൾ ഏറെ സുന്ദരിയായി കാണപ്പെട്ടു.
മുൻപിലേക്ക് വിടർന്നു കിടന്നിരുന്ന മുടിയിഴകൾ മാടിയൊതുക്കി എഴുന്നേറ്റ മീര അടുക്കള ലക്ഷ്യമാക്കി നടന്നു നീങ്ങി. കൂടെ ഹേമയും.
തൻറെ മടിയിൽ കിടന്നിരുന്ന തുമ്പി മോളെ വാത്സല്യപൂർവ്വം തലോടിക്കൊണ്ട് ഓർമ്മകളിൽ മുങ്ങിയങ്ങനെ രാഹുൽ ഇരുന്നു..
‘ മോനെ ചായ കുടിക്കൂ'
അമ്മയുടെ വാക്കുകൾ ചിന്തകളിൽ കുരുങ്ങി കിടന്നിരുന്ന അയാളെ വിളിച്ചുണർത്തി.
അമ്മ വെച്ചുനീട്ടിയ ചായക്കപ്പ് വാങ്ങി ചുണ്ടോടു ചേർത്തു..
ഒരിക്കൽ കൂടി മീരയുടെ കൈപ്പുണ്യം അയാൾ രുചിച്ചറിയുകയായിരുന്നു.
കുറച്ചുനേരം കൂടി തുമ്പി മോളോടൊപ്പം രാഹുലും ഹേമയും അവിടെ ചെലവഴിച്ചു
പിറ്റേന്ന് ഒരു അവധി ദിനം ആയിരുന്നു. രാവിലെ തന്നെ തുമ്പി മോളെ കൂട്ടാൻ വരാം എന്ന ഉറപ്പിൻമേൽ അവർ അവിടെ നിന്നും മടങ്ങി.
തിരികെ വീട്ടിലെത്തിയപ്പോഴേക്കും സന്ധ്യമയങ്ങിയിരുന്നു.
മുറിയിൽ കയറി ഫ്രഷ് ആയി, മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ എട്ട് മിസ്ഡ് കോൾസ്. രമ്യയാണ്!. തിരിച്ചുവിളിച്ചപ്പോൾ switched off. ആൾ നല്ല കലിപ്പിലാണ്.
ഫോൺ ടേബിളിൽ വെച്ച് രാഹുൽ പിൻവാങ്ങി.
ആകാശത്ത് പെയ്തിറങ്ങിയ നക്ഷത്രക്കൂട്ടങ്ങൾക്കിടയിലേക്ക് കണ്ണയച്ച് രാഹുൽ ബാൽക്കണിയിലങ്ങനെയിരുന്നു.
പെട്ടെന്ന് മീരയെ ഓർമവന്നു.
അവൾക്കേറ്റവും ഇഷ്ടമുള്ള ഒന്നായിരുന്നു ഈ ആകാശക്കാഴ്ചയിലേക്കുള്ള എത്തിനോട്ടം.
മീര! അമ്മ തനിക്കായി കണ്ടെത്തിയ പെൺകുട്ടി! അരയ്ക്കൊപ്പം മുടി വിടർന്നു കിടക്കുന്ന, മെലിഞ്ഞ് ശ്രീത്വം തുളുമ്പുന്ന മുഖത്ത് നിഷ്കളങ്കതയൊളിപ്പിച്ച, തനിനാടൻ പെൺകൊടി. തനിക്കും മറുത്തൊരു അഭിപ്രായം ഉണ്ടായിരുന്നില്ല.
തുമ്പി മോൾ ജനിച്ച് ഏറെ നാൾ കഴിയുന്നതിനു മുൻപ് അവളെയും കൊണ്ട് ദുബായിലേക്ക്.
അവിടെ തെറ്റില്ലാത്ത സുന്ദര ജീവിതം നയിച്ചു കൊണ്ടിരുന്നതിനിടയിലാണ് അവരുടെ ജീവിതത്തിലേക്കാണ് അവൾ കടന്നു വന്നത്.
രമ്യമോഹൻ!
ബോസിൻറെ മകൾ!
കോടീശ്വര പുത്രി!
ആദ്യമാദ്യം ഒഴിഞ്ഞുമാറാൻ ശ്രമിച്ചുവെങ്കിലും,
രാഹുലിന് മുന്നിൽ തുറന്നു വെച്ച ബൃഹത്തായ ബിസിനസ് സാമ്രാജ്യം അതയാളെ കീഴ്പ്പെടുത്തിക്കളഞ്ഞു
പിന്നീട് എല്ലാം പെട്ടെന്നായിരുന്നു.
മീരയേയും മോളെയും നാട്ടിലേക്ക് തിരികെ അയച്ചു.
മീരയിൽ നിന്നുള്ള ഡൈവേഴ്സ്സും രമ്യയുമായുള്ള വിവാഹവും തിരക്കിട്ട് സംഭവിച്ചു.
ജീവിതത്തിരക്കിനിടയിൽ രാഹുലിന് മീരയും തുമ്പി മോളും മാറാല പിടിക്കപ്പെട്ട ഓർമ്മകളായി മാറി.
ചിന്തകളെ കീറിമുറിച്ചുകൊണ്ട് പെട്ടെന്നാണ് രമ്യയുടെ കോൾ വന്നത്.
ഇന്ന് ഈവനിംഗ് രാഹുൽ വീട്ടിൽ ഇല്ലായിരുന്നോ? ഞാൻ ഒരുപാട് വട്ടം വിളിച്ചിരുന്നു. രമ്യ സംശയപെട്ടു.
‘ഞാൻ വീട്ടിൽ ഇല്ലായിരുന്നു. രമേച്ചിയുടെ വീട്ടിലേക്ക് ഒന്നു പോയി. അവിടെ കല്യാണത്തിരക്കല്ലേ? രാഹുൽ തട്ടിയും മുട്ടിയും കള്ളം പറഞ്ഞു.
‘ഉംംം’ ഒരിരുത്തിയ മൂളൽ ആയിരുന്നു മറുപടി.
രാഹുലിന്റെ പെങ്ങളായ രമേച്ചിയോട് രമ്യയ്ക്ക് അത്ര പഥൃം പോര !
മീരയോട് രമ കാണിക്കുന്ന താൽപര്യം തന്നെയാണ് അതിനു കാരണം.
അതുകൊണ്ടാണ് രമയുടെ മകളുടെ വിവാഹകർമ്മത്തിന് രമ്യ എത്തിച്ചേരാഞ്ഞത്.
പിറ്റേന്ന് വളരെ നേരത്തെ കുളിച്ചൊരുങ്ങി, രാഹുലിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു തുമ്പി മോൾ.
കൃത്യസമയത്ത് തന്നെ രാഹുൽ എത്തിച്ചേർന്നു.
അച്ഛനെ കണ്ട് കാറിന് അരികിലേക്ക് ഓടിയണഞ്ഞ തുമ്പിമോൾ ഡോർ തുറന്ന് മുൻപിൽ അച്ഛനരികിലായി ഇരിപ്പുറപ്പിച്ചു.
രാഹുലിന്റെ കണ്ണുകൾ ആർക്കോ വേണ്ടി പരതി നടന്നു.
പതിയെ അയാൾ മകളോട് തിരക്കി.
‘അമ്മ?’
‘ഇന്ന് സൺഡേ അല്ലേ? അമ്മയ്ക്ക് ഡാൻസ് ക്ലാസ്സുണ്ട്.’ തുമ്പി മോൾ പറഞ്ഞു.
മീര തുമ്പി മോളുടെ സ്കൂളിലെ നൃത്താധ്യാപികയാണ്.
കൂടാതെ ഒഴിവുദിനങ്ങളിൽ ഡാൻസ് ക്ലാസ്സുകളും നടത്തി വരുന്നു.
രാഹുൽ ഇച്ഛാഭംഗത്തോടെ വണ്ടി ടൗണിലേക്ക് വിട്ടു.
ടൗണിൽ കുറച്ചു കറങ്ങി അവസാനം ശോഭ സിറ്റിയിൽ ചെന്നെത്തി. പിന്നെ ചിന്ന ഷോപ്പിംഗ്. ഷോപ്പിങ്ങിനിടയിൽ തുമ്പി മോൾ രാഹുലിന്റെ പക്കൽനിന്ന് ഫോൺ വാങ്ങി മീരയെ വിളിച്ച് എന്താണ് അമ്മയ്ക്കായി വാങ്ങേണ്ടത് എന്നന്വേഷിച്ചു.
‘മോൾ എത്രയും വേഗം തിരിച്ചെത്തിയാൽ മതി അമ്മയ്ക്ക്' എന്നുപറഞ്ഞ് റിസീവർ ബട്ടൺ ഓഫ് ചെയ്യുമ്പോൾ എന്തിനെന്നറിയാതെ മീരയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.
തുമ്പി മോളുടെ മീരയോടുള്ള കരുതൽ രാഹുൽ കൗതുകത്തോടെയാണ് ആസ്വദിച്ചത്.
പർച്ചേസിങ്ങിനിടവേളയിൽ ഐസ്ക്രീം നുണഞ്ഞുകൊണ്ടിരിക്കുമ്പോൾ രാഹുൽ തുമ്പി മോളോട് വിശേഷങ്ങൾ തിരക്കി.
മീരയ്ക്ക് ചേച്ചി മാത്രമേയുള്ളൂ അമ്മ രണ്ടു വർഷം മുൻപ് മരണപ്പെട്ടു ചേച്ചിയമ്മയെ കുറിച്ച് വാതോരാ സംസാരിച്ചിരുന്ന തുമ്പിമോൾ പെട്ടെന്ന് സ്വരം താഴ്ത്തി സ്വകാര്യമായി രാഹുലിനോട് പറഞ്ഞു.
‘അച്ഛേ, അച്ഛ മറ്റാരോടും പറയില്ലെങ്കിൽ ഞാൻ ഒരുകൂട്ടം പറയാം. സീക്രട്ടാണ് !
’’ഇല്ല . പറയില്ല!’ രാഹുൽ തലയനക്കി പറഞ്ഞു..
വീട്ടിലെത്തിയപ്പോഴേക്കും‘പ്രോമിസ്?’ തുമ്പി കൈ നീട്ടി.
ആ കുഞ്ഞു കരം തൻറെ ഉള്ളംകൈയിൽ ഒതുക്കി രാഹുൽ ഉറപ്പുനൽകി.
‘പ്രോമിസ്’
‘’അതില്ല്യെ…അച്ഛേ… ,ചേച്ചിയമ്മയുടെ വല്യച്ഛനില്ലേ ? വല്യച്ഛൻ ചീത്തയാ……..’
തുമ്പി മോളുടെ വാക്കുകൾ , അത് രാഹുലിൽ മുറിപ്പാടുണ്ടാക്കി.
‘എന്താ, എന്താ മോളങ്ങനെ പറഞ്ഞേ? ആരാ മോളോടിത് പറഞ്ഞത്? രാഹുൽ എടുത്തു ചോദിച്ചു.
‘അതെനിക്കറിയില്ല , അമ്മ പറഞ്ഞു വല്യച്ഛൻ ചീത്തയാണ്'
അതോണ്ടാ അച്ഛേ ഞങ്ങൾ അവിടുന്ന് താമസം മാറിയത്..’ തുമ്പി മോളുടെ സ്വരത്തിൽ സങ്കടം മുറ്റി നിന്നിരുന്നു.
താൻ ചെയ്ത തെറ്റിന്റെ ആഴം അതെത്രമാത്രമാണെന്ന് രാഹുൽ തിരിച്ചറിയുകയായിരുന്നു.
നേരം സന്ധ്യ മയങ്ങിയപ്പോഴാണ് തുമ്പി മോളുമായി രാഹുൽ തിരികെയെത്തിയത്.
അവരെ കാത്ത് സദാനന്ദനങ്കിളും ഭാര്യ വേണിആൻറിയും സിറ്റൗട്ടിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.
അവർക്കൊപ്പം ഭിത്തിയിൽ ചാരി മീരയും.
വെള്ളയിൽ ചെറിയ പ്രിൻറുകളുള്ള മനോഹരമായ ഒരു നൈറ്റി യായിരുന്നു അവളുടെ വേഷം. നെറ്റിയിൽ ഭസ്മക്കുറി ചാർത്തി, മെടഞ്ഞിട്ട നീളമേറിയ മുടി മുൻപിലേയ്ക്കലസമായിട്ട് വേണിയാൻറിക്കരികിലിരിക്കുന്ന മീരയിൽ രാഹുലിന്റെ കണ്ണുകൾ തറഞ്ഞു നിന്നു.,
മുൻപെങ്ങും കണ്ടിട്ടില്ലാത്ത എന്തോ ഒരു വശ്യത അവളിൽ നിറഞ്ഞു നിൽക്കുന്നതായി രാഹുലിന് തോന്നി.
‘Why are you not attending my calls?’ വാക്കുകളുടെ മൂർച്ച ചോദ്യത്തിൽ നിന്ന് രാഹുലിന് ബോധ്യപ്പെട്ടു. രമ്യയെ എന്ത് പറഞ്ഞ് കൺവിൻസ് ചെയ്യണമെന്ന് ആലോചിക്കുന്നതിനിടയിൽ അടുത്ത ചോദ്യം.
‘Are you there?’
രാഹുലിന് നിയന്ത്രിക്കാനായില്ല. മനസ്സിൽ കുമിഞ്ഞുകൂടിയ ദേഷ്യം ഒന്നടങ്കം പുറത്തേക്കൊഴുകി.
‘ഞാനിവിടെ ഒരു വിവാഹ കർമ്മത്തിൽ പങ്കെടുക്കാനാണ് എത്തിയത്.. എനിക്കതിൻറേതായ തിക്കും തിരക്കും കാര്യങ്ങളും കാണും. അതുകൊണ്ട് തന്നെ ഞാനെപ്പോഴും available ആകണമെന്നില്ല.’
മറു ഭാഗത്തുനിന്നും മറുപടിയൊന്നുമില്ല.
രാഹുൽ തുടർന്നു’ ശരി ഞാൻ കുറച്ച് tired ആണ് ഫോൺ വെയ്ക്കുന്നു.’
അയാൾ ഫോൺ disconnect ചെയ്ത് ബെഡിലേക്ക് ചെരിഞ്ഞു.
നിറയെ മുത്തുകൾ പിടിപ്പിച്ച നിലംമുട്ടുന്ന പാവാടയും കുഞ്ഞുടോപ്പും അണിഞ്ഞ് തൻറെ മുൻപിലേക്ക് നിറപുഞ്ചിരിയുമായി വന്നെത്തിയ തുമ്പി മോളെ വാരിപ്പുണർന്ന് രാഹുൽ കവിളിൽ മുത്തമിട്ടു. രമ ചേച്ചിയുടെ മകളുടെ വിവാഹമാണന്ന്.
കസവ് നിറത്തിലുള്ള സിൽക്ക് ഷർട്ടണിഞ്ഞ്, കസവു മുണ്ടുടുത്ത്, നെറ്റിയിൽ ചന്ദനം ചാർത്തി, രാഹുൽ ആകർഷകമായി ഒരുങ്ങിയിരുന്നു.
തുമ്പി മോൾ അച്ഛൻറെ മടിയിൽ കയറിയിരുന്ന് അഭിമാനത്തോടെ ചുറ്റും നോക്കി. രാഹുൽ മകളെ വാത്സല്യത്തോടെ ചുറ്റിപ്പിടിച്ചു.
‘തുമ്പി മോളെ'!
ശാസന കലർന്ന സ്വരം കേട്ട് അവരിരുവരും തിരിഞ്ഞുനോക്കി.
തുമ്പി മോളുടെ മുഖം അത്ഭുതം കൊണ്ടു വിടർന്നു പോയി.
മീര അതിസുന്ദരിയായി അവർക്കു മുൻപിൽ.!
‘അച്ഛേ, അമ്മ!, തുമ്പി മോൾ സന്തോഷത്തോടെ രാഹുലിനെയും മീരയെ മാറിമാറി നോക്കി.’
കരിം പച്ചയിൽ കസവ് വർക്ക് ചെയ്ത കാഞ്ചിപുരം സാരി ചുറ്റി, നാഗപടത്തിന്റെ സെറ്റണിഞ്ഞ്, പിന്നിയിട്ട നീളൻമുടിയിൽ മുല്ലപ്പൂ ചാർത്തി നിൽക്കുന്ന മീരയിൽ നിന്നും രാഹുലിന് കണ്ണെടുക്കാൻ കഴിഞ്ഞില്ല.
തന്നെ ഇമയനക്കാതെ നോക്കിയിരിക്കുന്ന രാഹുലിനെ ശ്രദ്ധിക്കാതെ മീര തുമ്പി മോളുടെ കൈപിടിച്ച് നടന്നു നീങ്ങി.
പക്ഷേ രാഹുലിന്റെ മിഴികൾ അയാളറിയാതെ മീരയെ പിന്തുടർന്നുകൊണ്ടേയിരുന്നു.
കുലീനത വിളിച്ചോതുന്ന പക്വതയാർന്ന മീരയുടെ ചലനങ്ങളും പെരുമാറ്റവും അയാളിലെ നഷ്ടബോധത്തിന്റെ കനം വർദ്ധിപ്പിച്ചു കൊണ്ടിരുന്നു.
മുറ്റത്ത് ഏതോ വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് മീര ഉമ്മറത്തേക്ക് എത്തിവലിഞ്ഞ് നോക്കിയത്.
കാറിൽ നിന്ന് ഇറങ്ങുന്ന രാഹുലിനെ കണ്ട് അവൾ തുമ്പി മോളെ വിളിച്ചു.
സ്വീകരണമുറിയിൽ അച്ഛനുമായി കിന്നാരം പറയുന്ന തുമ്പി മോളിൽ തെളിഞ്ഞു നിന്നിരുന്ന ആഹ്ലാദം മീരയിൽ നൊമ്പരമുണർത്തി.
പെട്ടെന്നാരുടെയോ കാൽപെരുമാറ്റം കേട്ട് തല ഉയർത്തി നോക്കിയ മീര രാഹുലിനെ മുൻപിൽ കണ്ട് , എഴുന്നേറ്റു നിന്നു.
ഉള്ളിൽ പതഞ്ഞുപൊങ്ങുന്ന പരിഭ്രമത്തെ മാടിയൊതുക്കി, അയാൾ പതിയെ അവളുടെ പേര് ചൊല്ലി വിളിച്ചു വിളിച്ചു.
‘മീരാ……..’
അവൾ ചോദ്യഭാവത്തിൽ രാഹുലിനെ നോക്കി.
ആ നോട്ടം നേരിടാനാകാതെ രാഹുൽ മുഖംതിരിച്ചു.
‘ഞാൻ, നാളെ തിരികെ പോകും. മോളുടെ പേരിൽ കുറച്ച് പണം ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്.
രാഹുൽ. Bank documents മീരയുടെ നേർക്ക് നീട്ടി.
മീര കൈനീട്ടിയത് വാങ്ങി.
രാഹുൽ തുടർന്നു .’മീര, നീ എന്നോട് ക്ഷമിക്കണം. നിനക്ക് എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം.
അയാൾ പോക്കറ്റിൽ നിന്നും തന്റെ ‘Personal visiting card,,'എടുത്ത് മീരയുടെ നേർക്ക് നീട്ടി.
മീര പതിയെ, കനപ്പെട്ട ശബ്ദത്തിൽ ചോദിച്ചു.
‘എന്തിന്? എൻറെ ആവശ്യങ്ങൾ നിങ്ങളെ അറിയിക്കേണ്ട എന്ത് കാര്യമാണ് എനിക്കുള്ളത്? എന്ത് ബന്ധത്തിന്റെ പുറത്താണ് നിങ്ങളെ ഞാൻ വിളിക്കേണ്ടത്?’ അവളുടെ ശബ്ദം അവൾ പോലുമറിയാതെ ഉയർന്നുപൊങ്ങി.
നെടുവീർപ്പോടെ വീണ്ടും തുടർന്നു.
’എന്നെയും മോളെയും എന്നും, എപ്പോഴും കൂടെ ചേർത്തു നിർത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
കോടതിവരാന്തയിൽ പകച്ചു നിന്നിരുന്ന ഞങ്ങളെ കണ്ടില്ലെന്ന് നടിച്ച് കടന്നുപോയ ആ നിമിഷം എന്നിലെ നിങ്ങൾ നഷ്ടപ്പെട്ടുപോയി.
മറ്റുള്ളവരോടും ഈ ലോകത്തോടും എന്നോട് തന്നെയും പട പൊരുതി നേടിയതാണ് ഈ ജീവിതം. എന്തിനു മുൻപിലും പിടിച്ചുനിൽക്കാനുള്ള ചങ്കുറപ്പും ത്രാണിയും എനിക്കിന്നുണ്ട്.
പിന്നെ ഞാൻ നിങ്ങളിൽ നിന്ന് വാങ്ങിയ ഈ documents അതെന്റെ മകൾക്ക് അവകാശപ്പെട്ടതാണ്. അവൾ നിങ്ങളുടെ മകളാണ്. അച്ഛനെന്ന നിലയിൽ നിങ്ങൾ അവൾക്ക് നൽകുന്നതെന്തും ഞാൻ നിഷേധിക്കുകയില്ല.’ മീര പറഞ്ഞുനിർത്തി.
‘അപ്പോൾ നീ എന്തുകൊണ്ട് മറ്റൊരു വിവാഹത്തിന് മുതിർന്നില്ല?’
രാഹുൽ മറുചോദ്യമെറിഞ്ഞു.
‘അതുശരി ! ഞാൻ മറ്റൊരു വിവാഹം കഴിക്കാത്തതാണ് നിങ്ങളുടെ പ്രശ്നം.
ഞാനിനി വിവാഹം കഴിക്കില്ലെന്നാരു പറഞ്ഞു? എന്റെ മോൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയായാൽ , മറ്റൊരു വിവാഹം, അത് ആവശ്യമാണെന്നു തോന്നുന്ന പക്ഷം തീർച്ചയായും! നടന്നിരിക്കും.!
രാഹുൽ, നിങ്ങൾക്ക് ഒരു വിചാരമുണ്ട്. സ്ത്രീ അബലയും ചപലയും ദുർബലമാണെന്ന് .
നിങ്ങൾ സ്വന്തം ജീവിതത്തെ കുറിച്ച് മാത്രമേ ഇതുവരെ ചിന്തിച്ചിട്ടുള്ളൂ.
പടവെട്ടി നേടിയെടുത്ത ആ ജീവിതം ഉള്ളംകൈയ്യിൽ നിന്നൂർന്നു പോകാതെ കാത്തുസൂക്ഷിക്കൂ. എന്ന് മാത്രമേ എനിക്കിപ്പോൾ പറയാനുള്ളൂ.’
മീരയുടെ വാക്കുകളിലെ തീക്ഷ്ണത രാഹുലിൽ ജനിപ്പിച്ച ജാള്യത കുറച്ചൊന്നുമായിരുന്നില്ല.
അയാൾക്ക് സ്വയം വിവസ്ത്രനായതു പോലെ തോന്നി.
കുനിഞ്ഞ ശിരസ്സുമായി മുറിയിൽ നിന്ന് പുറത്തു കടന്ന അയാൾ തുമ്പി മോളെ തലോടിക്കൊണ്ട് പതിയെ പുറത്തേക്ക് നടന്നു.
പെയ്തൊഴിഞ്ഞ മീരയുടെ മനം ഏറെ നാളുകൾക്കുശേഷം ശാന്തമായി തീർന്നു.
എന്തിനെന്നറിയാതെ നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ച് അവൾ പതിയെ കിച്ചൻ ലക്ഷ്യമാക്കി നടന്നു..