വേണ്ടവർക്ക് ജോലിക്ക് പോകാം; ഹർത്താലിന്റെ പേരിൽ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി
കൊച്ചി: കർഷക സമരത്തെ അനുകൂലിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ തടയാതെ കേരള ഹൈക്കോടതി. ഹർത്താൽ തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തീർപ്പാക്കി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് തീർപ്പാക്കിയത്. ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.
ആവശ്യമുള്ളവർക്ക് ജോലിക്ക് പോകാം, ഹർത്താലിനോട് സഹകരിക്കാൻ താത്പര്യമില്ലാത്തവർക്ക് ജോലിക്ക് പോകണമെന്നുണ്ടെങ്കിൽ മതിയായ സംരക്ഷണം ഒരുക്കണമെന്നും കോടതി നിർദേശിച്ചു. ആരുടേയും സഞ്ചാരസ്വാതന്ത്ര്യം ഹർത്താലിന്റെ പേരിൽ ഇല്ലാതാക്കാൻ കഴിയില്ല. ഹർത്താലുമായി സഹകരിക്കാതിരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി പറഞ്ഞു.
ഹർത്താൽ സംബന്ധിച്ച് മുൻപ് കോടതി പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. ഹർത്താൽ സംബന്ധിച്ച് കോടതി പറഞ്ഞിട്ടുള്ള കാര്യങ്ങൾ നടപ്പിലാക്കുമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.