ടൈറ്റാനിയം ജോലി തട്ടിപ്പ്; മുഖ്യ പ്രതി ശ്യാംലാൽ കസ്റ്റഡിയിൽ
തിരുവനന്തപുരം: ടെറ്റാനിയം തൊഴിൽ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ശ്യാംലാൽ അറസ്റ്റിലായി. ഇന്ന് പുലർച്ചെയാണ് ശ്യാംലാലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നാം പ്രതി ദിവ്യയെ നേരത്തെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ദിവ്യയെ ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശ്യാംലാലിനെയും അറസ്റ്റ് ചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ പതിനാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾ കേസിൽ നിർണായകമായ അറസ്റ്റ് നടന്നിരിക്കുകയാണ്. ദിവ്യയുടെ ഭർത്താവ് രാജേഷ്, എം.എൽ.എ. ഹോസ്റ്റലിലെ മനോജ് എന്ന് പറയപ്പെടുന്ന ജീവനക്കാരൻ, എംഎൽഎ ഹോസ്റ്റലിലെ കോഫി ഹൗസിലെ ജീവനക്കാരനായ അനിൽ കുമാർ എന്നിവരേയും മറ്റുള്ള പ്രതികളെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. മനോജ് വാങ്ങിയ കാറിലാണ് തട്ടിപ്പിനായി ഉദ്യോഗാർത്ഥികളെ കൊണ്ടുവന്നതെന്നാണ് വിവരം. കേസിലെ ഒന്നാം പ്രതി ദിവ്യജ്യോതി ഫേസ്ബുക്കിൽ പരസ്യം നൽകിയതോടെയാണ് തട്ടിപ്പിന് തുടക്കമായത്. പരസ്യം കണ്ട ശേഷം ബന്ധപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഫോൺ നമ്പർ നൽകും. അവരോട് സംസാരിക്കുകയും കരാർ സ്ഥിരീകരിക്കുകയും ചെയ്യും. ഉദ്യോഗാർത്ഥികളെ നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് വിളിപ്പിക്കുകയും കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്യും. പിന്നീട് ഇന്‍റർവ്യൂവിന്‍റെ പേരിൽ ശ്യാംലാലും മറ്റുള്ളവരും ചേർന്ന് കാറിൽ ടൈറ്റാനിയത്തിലേക്ക് കൊണ്ടുപോകും. കാറിൽ കയറുമ്പോൾ തന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്യണമെന്ന നിബന്ധനയുമുണ്ട്.