ട്വീറ്റ് വിവാദം; സൈനയോട് മാപ്പ് ചോദിച്ച് സിദ്ധാർഥ്; നിങ്ങൾ എന്നും എന്റെ ചാമ്പ്യനാണ്
ട്വീറ്റ് വിവാദത്തില്‍ ബാഡ്മിന്റണ്‍ താരം സൈനാ നേവാളിനോട് മാപ്പുചോദിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനന്യൂഹം പഞ്ചാബിൽവച്ച് കർഷകർ തടഞ്ഞതിനെ വിമർശിച്ചുകൊണ്ട് സൈന കുറിച്ച ട്വീറ്റിനെതിരെ സിദ്ധാർഥ് നടത്തിയ പരാമർശമാണ് വിവാദമായത്. ദേശീയ വനിതാ കമ്മീഷൻ താരത്തിന് നോട്ടീസ് അയച്ചു.
സൈനയെക്കുറിച്ച് എഴുതിയ ക്രൂരമായ തമാശയ്ക്ക് ക്ഷമ ചോദിച്ചുകൊണ്ടാണ് ട്വിറ്ററിലൂടെ താരം കുറിപ്പ് പങ്കുവച്ചത്. സ്ത്രീയെന്ന നിലയിൽ ആക്രമിക്കാനുള്ള ഉദ്ദേശം തനിക്കുണ്ടായിരുന്നില്ലെന്നും താന്‍ കടുത്ത ഫെമിനിസ്റ്റ് ആണെന്നുമാണ് സിദ്ധാർത്ഥ് കുറിച്ചത്.
സിദ്ധാർത്ഥിന്റെ കുറിപ്പ്:
പ്രിയപ്പെട്ട സൈന, കുറച്ചു ദിവസം മുന്‍പ് നിങ്ങളുടെ ഒരു ട്വീറ്റിനെക്കുറിച്ചുള്ള എന്റെ കുറിപ്പിലെ ക്രൂരമായ തമാശയ്ക്ക് ക്ഷമാപണം നടത്താനാഗ്രഹിക്കുന്നു. പലകാര്യങ്ങളോടും നിങ്ങളോട് വിയോജിപ്പുണ്ടായാലും നിങ്ങളുടെ ട്വീറ്റ് വായിച്ച നിരാശയിലും ദേഷ്യത്തിലും പ്രയോഗിച്ച ഭാഷയെ നീതീകരിക്കാനാവില്ല. തുടക്കമിടാനുള്ള നല്ലൊരു തമാശയായിരുന്നില്ല അത്. ആ തമാശയ്ക്ക് ക്ഷമ ചോദിക്കുന്നു. നിരവധി പേര്‍ ആരോപിക്കുന്ന തരത്തിലുള്ള ദുരുദ്ദേശങ്ങളൊന്നും ആ ട്വീറ്റില്‍ ഇല്ലായിരുന്നു. താനും കടുത്ത ഫെമിനിസ്റ്റ് തന്നെയാണ്. അതിൽ ലിംഗ വ്യത്യാസമില്ലെന്ന് ഉറപ്പു തരുന്നു. ഒരു സ്ത്രീയെന്ന നിലയില്‍ സൈനയെ ആക്രമിക്കാനുള്ള ഉദ്ദേശമില്ലായിരുന്നു. ഈ പ്രശ്‌നം അവസാനിപ്പിക്കാം. ഈ കത്ത് സ്വീകരിക്കുമെന്ന് കരുതുന്നുവെന്നും സൈന എന്നും തന്റെ ചാമ്പ്യന്‍ ആയിരിക്കുമെന്നും സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ പങ്കുവെച്ച കത്തില്‍ പറയുന്നു.
‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാകില്ല. ഒരുകൂട്ടം അരാജകവാദികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ സാധ്യമായ ഏറ്റവും കടുത്ത വാക്കുകളിൽ ഞാൻ അപലപിക്കുന്നു’ എന്നായിരുന്നു സൈനയുടെ ട്വീറ്റ്. സൈനയ്‌ക്കെതിരേ സിദ്ധാർഥ് ഉപയോഗിച്ച വാക്ക് സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് വിമർശനമുയർന്നത്.