സിദ്ദു മൂസേവാല കൊലക്കേസ്; 2 കുറ്റാരോപിതർ പഞ്ചാബിലെ ജയിലിനുള്ളില്‍ കൊല്ലപ്പെട്ടു
ചണ്ഡീഗഢ്: പഞ്ചാബിലെ ജയിലിൽ നടന്ന ഏറ്റുമുട്ടലിൽ പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പേർ കൊല്ലപ്പെട്ടു. മന്ദീപ് സിംഗ് തൂഫാൻ, മൻമോഹൻ സിംഗ് എന്നിവരാണ് തരൻ ജില്ലയിലെ ഗോയിന്ദ്വാൾ സാഹിബ് ജയിലിൽ കൊല്ലപ്പെട്ടത്. കേസിലെ മറ്റൊരു പ്രതിക്കും സംഘർഷത്തിൽ പരിക്കേറ്റു. കൊല്ലപ്പെട്ട രണ്ടുപേരും മറ്റ് കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. മൂസേവാലയെ വെടിവച്ച സംഘത്തിന് വാഹനം ഏര്‍പ്പെടുത്തിക്കൊടുത്തെന്ന് കരുതുന്നയാളാണ് സന്ദീപ് സിംഗ് തൂഫാൻ. ഞായറാഴ്ച ജയിലിൽ രണ്ട് ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022 മെയ് 29നാണ് 28 കാരനായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചത്. സംസ്ഥാന സർക്കാർ നൽകിയിരുന്ന സുരക്ഷയിൽ ഇളവ് വരുത്തിയതിനെ തുടർന്നാണ് കൊലപാതകം നടന്നത്. അക്രമികൾ സമീപത്ത് നിന്ന് 30 തവണ വെടിയുതിർത്തു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.