അക്ഷയതൃതീയയുടെ പ്രാധാന്യം

പഠനം, അവതരണം

ആചാര്യ ജി സി

വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയതൃതീയ ആയി ആചരിച്ചുവരുന്നത്. അക്ഷയ എന്ന വാക്കിന്റെ അർത്ഥം നാശമില്ലാത്തത് എന്നും തൃതീയ എന്നതിന്റെ അർത്ഥം മൂന്നാം ചാന്ദ്രദിനം എന്നുമാണ്. ഇത്തവണ അക്ഷയതൃതീയ മലയാളവർഷം മേടം എട്ടിന് ഏപ്രിൽ 22 -ന് ആണ് വരുന്നത്. ഒരിക്കലും ക്ഷയിക്കാത്ത സമ്പൽസമൃദ്ധിയുടെ ദിവസത്തെ ആണ് അക്ഷയതൃതീയകൊണ്ട് അർത്ഥമാക്കുന്നത് അക്ഷയതൃതീയ ദിനത്തിൽ ചെയ്യുന്ന സൽക്കർമ്മങ്ങളുടെ ഫലം ഒരിക്കലും നശിക്കില്ല എന്നതാണ് വിശ്വാസം. അക്ഷയതൃതീയയിൽ ചെയ്യുന്നതെന്നും ശാശ്വതമായി നിലനിൽക്കുന്നു. ഈ ദിവസം ദാനധർമ്മങ്ങൾ നടത്തുന്നത് അതീവപുണ്യമായും കരുതപ്പെടുന്നു. അതിനാൽ ഈ ദിവസം മംഗളകരമായ കാര്യങ്ങൾ തുടങ്ങിയാൽ, ഉദാഹരണമായി വീട്, വസ്തു, അല്ലെങ്കിൽ സ്വർണ്ണാഭരണങ്ങൾ എന്നിവ വാങ്ങുന്നത് ശാശ്വതമായി നിലനിൽക്കുമെന്നും, ഭാഗ്യകടാക്ഷമുണ്ടാകുമെന്നുമാണ് വിശ്വാസം.

ശ്രീകൃഷ്ണ ഭഗവാൻ ദ്രൗപദിക്ക് അക്ഷയപാത്രം നല്കിയതും അക്ഷയതൃതീയദിനത്തിലാണെന്നു പറയപ്പെടുന്നു. ഇതിഹാസകാവ്യമായ മഹാഭാരതം എഴുതപ്പെട്ട് തുടങ്ങിയത് അക്ഷയതൃതീയദിനത്തിലാണെന്നാണ് കരുതുന്നത്. വേദവ്യാസൻ മഹാഭാരതം പാരായണം ചെയ്യുകയും, മഹാഗണപതി അത് കേട്ട് എഴുതുകയും ചെയ്യാൻ തുടങ്ങിയത് ഈ ദിവസമാണെന്ന് പുരാണങ്ങളിൽ പറയുന്നു. ഭഗീരഥ മഹർഷി ഗംഗാദേവിയെ ഭൂമിയിലേക്ക് കൊണ്ടുവന്നത് അക്ഷയതൃതീയയിലാണെന്ന് പറയപ്പെടുന്നു. ഇതേ അക്ഷയതൃതീയയിലാണ് ശ്രീകൃഷ്ണഭഗവാന്റെ ബാല്യകാലസുഹൃത്തായ സുദാമാവ് (കുചേലൻ) ദ്വാരകയിൽ എത്തി ശ്രീകൃഷ്ണദർശനം നടത്തിയതും, കുചേലന്റെ ദുരവസ്ഥ കണ്ട് ശ്രീകൃഷ്ണഭഗവാൻ അവൽപൊതിക്ക് പകരമായി അളവറ്റ സമ്പത്ത് നല്കി അനുഗ്രഹിച്ചതെന്നും ഐതിഹ്യമുണ്ട്. കുബേരഭഗവാന് ഭാഗ്യവും, 'സമ്പത്തിന്റെ അധിപൻ' എന്ന പദവിയും വന്നുചേർന്നത് അക്ഷയതൃതീയദിനത്തിലാണ്. ദരിദ്ര ദുഃഖം കൊണ്ട് ബുദ്ധിമുട്ടിയിരുന്ന ബ്രാഹ്മണ കുടുംബത്തിലെ വീട്ടമ്മക്ക് ശ്രീ ശങ്കരാചാര്യർ കനകധാരാസ്തവം ചൊല്ലി സ്വർണ നെല്ലിക്ക പെയ്യിച്ചതും അക്ഷയതൃതീയദിനത്തിലാണ്. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ ജനിച്ചതും അക്ഷയതൃതീയദിനത്തിലാണ്.

എന്നാൽ, ഇക്കാലത്ത് സ്വർണ്ണം വാങ്ങുന്നതിന് ഉള്ള ഉത്തമദിനമായി സ്വർണ്ണക്കച്ചവടക്കാർ അക്ഷയതൃതീയയെ ചിത്രീകരിച്ചു കാണുന്നുണ്ടങ്കിലും വൈശാഖ മാസത്തിലെ മൂന്നാം തിഥിയായ അക്ഷയതൃതീയ ഏതൊരു ശുഭകർമ്മങ്ങൾ ചെയ്തു തുടങ്ങുവാനും, ആ ശുഭകർമ്മത്തിന്റെ ഐശ്വര്യം ശാശ്വതമായി നിലനിൽക്കുവാനും അനുയോജ്യമായ ഉത്തമദിനമാണ്. എല്ലാവർക്കും ഈ അക്ഷയതൃതീയദിനം അളവില്ലാത്ത സമ്പത്തും, നന്മയും, ഐശ്വര്യവും പ്രധാനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു.

Related Posts