സിൽവർ ലൈൻ; കേന്ദ്രാനുമതി ലഭിച്ചാലുടൻ തുടർനടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസനത്തിന് സിൽവർ ലൈൻ പദ്ധതി അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രാനുമതി ലഭിച്ചാലുടൻ തുടർനടപടി സ്വീകരിക്കുമെന്നും 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ ആശങ്കകളും എതിർപ്പുകളും ഈ പദ്ധതി പരിഹരിക്കും. 50 വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയിലാണ് വായ്പയെടുക്കാൻ ഉദ്ദേശിക്കുന്നതെന്നും വായ്പാ പിരിവിനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കുമെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചതായും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് കെ റെയില്‍ വ്യക്തമാക്കിയത്. കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. പദ്ധതിക്ക് കേന്ദ്രസർക്കാർ തത്വത്തിൽ അനുമതി നൽകിയതിനെ തുടർന്ന് ആരംഭിച്ച പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റെയിൽവേ ബോർഡിന്‍റെ അന്തിമാനുമതി ലഭിക്കുന്നതോടെ 50 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ട് വിഭാവനം ചെയ്ത സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകും എന്നും കെ റെയിൽ വ്യക്തമാക്കി.

Related Posts