സില്‍വര്‍ലൈന്‍ വലിയ സാമ്പത്തിക ബാധ്യത- കേന്ദ്ര റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: സിൽവർ ലൈൻ പദ്ധതി കേരളത്തിനും കേന്ദ്രത്തിനും വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വിവിധ വശങ്ങൾ വിശദമായി പഠിച്ച ശേഷമേ സിൽവർ ലൈനിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ ഒരു സങ്കീർണ്ണമായ പദ്ധതിയാണ്. സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക, എഞ്ചിനീയറിംഗ് വശങ്ങൾ വിശദമായി പഠിക്കേണ്ടതുണ്ട്. ഇത്തരം പദ്ധതികൾ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതിനാൽ, വിവിധ വശങ്ങൾ വിശദമായി വിശകലനം ചെയ്യേണ്ടത് ആവശ്യമാണ്. ഗൃഹപാഠം ചെയ്ത ശേഷം വിഷയം പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും അന്തിമ തീരുമാനം എടുക്കുകയും ചെയ്യും. സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ നടത്തുന്ന സാമൂഹിക ആഘാത പഠനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പദ്ധതിക്ക് ഇതുവരെ അനുമതി ലഭിക്കാത്തതിനാൽ ഭൂമി ഏറ്റെടുക്കാനുള്ള ഏതൊരു നീക്കവും അപക്വമാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. സർവേയെ ചോദ്യം ചെയ്ത് സമർപ്പിച്ച കേസിൽ ഹൈക്കോടതിയുടെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രത്തിന്‍റെ വിശദീകരണം.

Related Posts