സിൽവർലൈൻ പുനരധിവാസപാക്കേജ് പ്രഖ്യാപിച്ചു
കെ - റയിൽ നടപ്പാക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അതിവേഗറയിൽ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയിൽ ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസപാക്കേജിൽ വീട് നഷ്ടപ്പെടുകയോ, ഭൂമി നഷ്ടപ്പെടുകയോ ചെയ്താൽ, അതിദരിദ്രരായ ആളുകൾക്ക് അടക്കം എത്രയാകും നഷ്ടപരിഹാരമടക്കമുള്ള തുകയെന്ന വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച് ചേർത്ത, മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും മാധ്യമമേധാവികളും പൗരപ്രമുഖരും പങ്കെടുക്കുന്ന പരിപാടിയ്ക്ക് മുന്നോടിയായാണ് വാർത്താക്കുറിപ്പായി ലൈഫ് പുനരധിവാസ പാക്കേജ് പുറത്തുവിട്ടത്.
വീട് നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരവും 4.6 ലക്ഷം രൂപയും, അല്ലെങ്കിൽ നഷ്ടപരിഹാരവും 1.6 ലക്ഷം രൂപയും ലൈഫ് മാതൃകയിൽ വീടും.
വാസസ്ഥലം നഷ്ടപ്പെട്ട് ഭൂരഹിതരായ അതിദരിദ്രർക്ക് നഷ്ടപരിഹാരവും, 5 സെന്‍റ് ഭൂമിയും, ലൈഫ് മാതൃകയിൽ വീടും, അല്ലെങ്കിൽ നഷ്ടപരിഹാരവും, 5 സെന്‍റ് ഭൂമിയും, 4 ലക്ഷം രൂപയും, അല്ലെങ്കിൽ
നഷ്ടപരിഹാരവും 10 ലക്ഷം രൂപയും (6 ലക്ഷം രൂപയും നാല് ലക്ഷം രൂപയും).
വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകൾ നഷ്ടപരിഹാരവും 50,000 രൂപയും
വാടകക്കെട്ടിടത്തിലാണെങ്കിൽ - 2 ലക്ഷം രൂപ
വാസസ്ഥലം നഷ്ടമായ വാടകക്കാർക്ക് - 50,000 രൂപ
കാലിത്തൊഴുത്ത് പൊളിച്ച് നീക്കിയാൽ - 25,000 - 50,000 രൂപ വരെ
സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനുള്ള വിജ്ഞാപനം സർക്കാർ നേരത്തേ പുറത്തിറക്കിയിരുന്നു. അതിരടയാളക്കല്ലിട്ട സ്ഥലങ്ങളിലാണ് പഠനം നടത്തുന്നത്. കണ്ണൂര്‍ ജില്ലയിലാണ് ആദ്യപഠനം.