സിങ്കപ്പൂർ താരം ടിം ഡേവിഡ് ഓസീസ് ടീമിൽ; ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചു
സിഡ്‌നി: അടുത്ത മാസം സ്വന്തം നാട്ടിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന ഓസീസ് സിങ്കപ്പൂരുകാരനായ സൂപ്പര്‍ താരം ടിം ഡേവിഡിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 26 കാരനായ താരത്തിന് ഓസ്ട്രേലിയൻ ആഭ്യന്തര ടീമുമായോ ദേശീയ ടീമുമായോ കരാറില്ല. മാച്ച് പേയ്മെന്‍റിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ദേശീയ ടീമിൽ ഉൾപ്പെടുത്തിയത്. ടിം ഡേവിഡ് വളരെ മികച്ച കളിക്കാരനാണ്. അദ്ദേഹത്തിന്‍റെ ടീമിലെ വരവ് ബാറ്റിങ് നിരയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജോർജ് ബെയ്ലി പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസിന്‍റെ ഭാഗമാണ് ടിം ഡേവിഡ്. ടി20 ക്രിക്കറ്റിന് അനുയോജ്യമായ പവർ-ഹിറ്റിംഗ് ആണ് ഡേവിഡിന്‍റെ സവിശേഷത. 15 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.