എനിക്കും സുജീഷ് ടാറ്റു ചെയ്തിട്ടുണ്ട്, വ്യക്തിപരമായി ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ല; മീ ടൂ ആരോപണങ്ങൾ കേട്ടപ്പോൾ ഞെട്ടി; അഭിരാമി
മീടു ആരോപണത്തെത്തുടര്‍ന്ന് കൊച്ചിയിലെ ഇങ്ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷ് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷ്. തനിക്കും സഹോദരി അമൃത സുരേഷിനും സുജീഷ് ടാറ്റു ചെയ്തിട്ടുണ്ടെന്നും തനിക്ക് വളരെ കാലമായി അറിയാവുന്ന ആളെക്കുറിച്ച് ഇത്തരം മോശമായ വാർത്ത കേൾക്കേണ്ടി വന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്നും അഭിരാമി പ്രതികരിച്ചു. സുജീഷിനെതിരെ പരാതി നല്‍കാന്‍ ധൈര്യം കാണിച്ചു മുന്നോട്ടു വന്ന യുവതികളെ പ്രശംസിച്ച അഭിരാമി സുജീഷിൽ നിന്നും തനിക്കു വ്യക്തിപരമായി ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും എന്നാൽ മീടൂ ആരോപണം നിസാരമായി കാണേണ്ടതല്ലെന്നും ഇത്തരം പരാതികൾ ഒരിക്കലും അവഗണിക്കരുതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.
"കുറച്ചുദിവസമായി വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് തിരക്കിലായിരുന്നു. അതിനിടയിലാണ് സുജീഷിനെതിരെ വന്ന വാർത്ത കണ്ടത്. അത് വളരെ ഞെട്ടലുണ്ടാക്കിയതാണ്. വിശ്വസിക്കാൻ കുറച്ചു സമയം വേണ്ടി വന്നു. എന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ടാറ്റു ചെയ്തത് സുജീഷ് ആണ്. അടുത്തിടെ എന്റെ ചേച്ചിയും അവിടെ ടാറ്റു ചെയ്തു. ഞാൻ ഒരുപാട് ആളുകളെ അവിടെ ടാറ്റു ചെയ്യാൻ പറഞ്ഞുവിട്ടിട്ടുണ്ട്. അത് അയാളുടെ വർക്ക് നല്ലതായതുകൊണ്ടാണ്". വളരെ കാലമായി അറിയാവുന്ന ആളെക്കുറിച്ച് ഇത്തരം മോശമായ വാർത്ത കേൾക്കേണ്ടി വന്നത് ഞെട്ടൽ ഉണ്ടാക്കിയെന്നും അഭിരാമി പറഞ്ഞു.
സുജീഷിൽ നിന്നും എനിക്ക് വ്യക്തിപരമായി ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ല, എന്നാല്‍ മിടൂ ആരോപണത്തെ ഗൗരവമായി കാണുന്നു. എന്തുകൊണ്ടാണ് ആ സമയത്ത് പ്രതികരിക്കാത്തത് എന്ന് പലരും ചോദിക്കും. പക്ഷെ എത്ര സെൽഫ് കോൺഫിഡൻസ് ഉള്ള വ്യക്തിയാണെന്ന് പറഞ്ഞാലും ഇങ്ങനെയൊരു സാഹചര്യത്തിലാകുമ്പോൾ ഏത് മാനസികാവസ്ഥയിലായിരിക്കും എന്ന് പറയാനാകില്ല. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന് നമ്മൾ മുൻകൂട്ടി തയ്യാറെടുത്തല്ല ഇരിക്കുന്നത്. ഇത് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചല്ലല്ലോ ഇരിക്കുന്നത്. ലൈംഗിക അതിക്രമത്തെ നേരിടാനും അതിനെതിരേ പ്രതികരിക്കാനും ധൈര്യം സംഭരിക്കേണ്ടത് അത്യവശ്യമാണ്. ചിലപ്പോള്‍ ആ സമയത്ത് പ്രതികരിക്കാന്‍ കഴിയില്ലെന്ന് വരും. എന്നിരുന്നാലും മറ്റുള്ളവരോട് തുറന്ന് പറയാനുള്ള മനസ്സ് കാണിക്കണം", അഭിരാമി പറഞ്ഞു.
എല്ലാ ദിവസവും ലൈംഗിക അതിക്രമത്തെക്കുറിച്ച് വാര്‍ത്തകള്‍ വായിക്കാറുണ്ട്. ലൈംഗികതയെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ സമൂഹത്തിലുണ്ടെന്നും അത്തരം ചിന്തകള്‍ക്ക് കുടുംബത്തില്‍ നിന്ന് മാറ്റേണ്ടതാണെന്നും അഭിരാമി പറഞ്ഞു.