"ജീവിതത്തില്‍ വിജയങ്ങൾ നേടാൻ എന്നെ സഹായിച്ച മൂന്ന് സ്ത്രീകൾ; നന്ദി കുറിച്ച് റിമി ടോമി
ജീവിതത്തില്‍ വിജയങ്ങൾ നേടാൻ ഏറ്റവും കൂടുതൽ സഹായിച്ച മൂന്ന് സ്ത്രീകൾക്ക് നന്ദി കുറിച്ച് ഗായിക റിമി ടോമി. വനിതാ ദിനത്തോടനുബന്ധിച്ച് പങ്കുവച്ച സ്പെഷ്യൽ വർക്കൗട്ട് വിഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പിലൂടെ ബിന്നി കൃഷ്ണകുമാർ, താരാ സുദർശൻ, ഹർഷ എന്നിവരോടാണ് റിമി നന്ദി അറിയിച്ചത്. പ്രശസ്ത ഗായികയാണ് ബിന്നി കൃഷ്ണകുമാർ. യോഗ ട്രെയിനർ ആണ് താര സുദർശൻ. മുൻപും താരയെക്കുറിച്ച് റിമി ടോമി സമൂഹമാധ്യമക്കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്. ഹർഷ ഫിറ്റ്നസ് ട്രെയിനർ ആണ്.
റിമിയുടെ കുറിപ്പ്
‘ഹാപ്പി വുമൻസ് ഡേ, എന്റെ ഇഷ്ട ഇടത്തിൽ നിന്ന് നിങ്ങളുടെ ഫിറ്റ്നസ് ലെവൽ നിങ്ങൾ തന്നെ തീരുമാനിക്കുക. നിങ്ങളെക്കുറിച്ചുള്ള നിർവചനങ്ങൾ നിങ്ങൾ തന്നെ സൃഷ്ടിക്കുക. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിക്കരുത്. അത് സ്വയം കണ്ടെത്തുക. എല്ലാവരും കൂടുതൽ ശക്തരായി തീരട്ടെ.
താരാ സുദർശൻ, ബിന്നി കൃഷ്ണകുമാർ, ഹർഷ എന്നീ മൂന്ന് സ്ത്രീകൾക്ക് ഒരു വലിയ നന്ദി. അവർ എന്റെ ജീവിതത്തിലും കരിയറിലും ശരീരത്തിലും മാറ്റങ്ങൾ വരുത്തി. വിജയങ്ങൾ നേടാൻ എന്നെ സഹായിച്ചു. ഇനിയും വിജയത്തിലേയ്ക്ക് കരുത്തോടെ നീങ്ങുകയാണു ഞാൻ. എല്ലാവർക്കും വനിതാ ദിനാശംസകൾ’, വിഡിയോ പങ്കുവച്ച് റിമി കുറിച്ചു.