അമ്പലത്തിൽ പോയി, ദർശനവും കിട്ടി; ഇളയരാജയെ സന്ദർശിച്ചതിനെപ്പറ്റി ഗായിക ശ്വേത മോഹൻ ഇൻസ്റ്റഗ്രാമിൽ
പ്രഗത്ഭ തെന്നിന്ത്യൻ സംഗീത സംവിധായകൻ ഇളയരാജയെ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി കണ്ടതിനെപ്പറ്റി ഗായിക ശ്വേത മോഹൻ്റെ വൈകാരികമായ പ്രതികരണം ഇൻസ്റ്റഗ്രാമിൽ. അനുഗൃഹീത മുഹൂർത്തം എന്നാണ് ഇതിഹാസ സംഗീതജ്ഞനുമൊത്തുള്ള കൂടിക്കാഴ്ചയെപ്പറ്റി ഗായിക സുജാതയുടെ മകൾ കൂടിയായ ശ്വേത സോഷ്യൽ മീഡിയയിൽ കുറിച്ചത്.
തനിക്കും മകൾക്കും ഇന്ന് അനുഗൃഹീത ദിനമാണ്. അമ്പലത്തിൽ പോയി ദർശന സൗഭാഗ്യം സിദ്ധിച്ചതിൻ്റെ പുണ്യമാണ് ഒരേയൊരു രാജാ സാറിനെ കണ്ടുമുട്ടുമ്പോൾ ലഭിക്കുന്നത്.
രണ്ടുവർഷത്തിനു ശേഷമാണ് മഹാനായ സംഗീതജ്ഞനെ കാണാൻ അവസരം ലഭിച്ചതെന്ന് ശ്വേത പറയുന്നു. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ, ഇത്രയും ഗംഭീരമായ സൃഷ്ടികൾക്ക് ജന്മം കൊടുക്കാൻ, അതും ഇത്രയേറെ പൂർണതയോടെ രാജാസാറിന് എങ്ങനെ കഴിഞ്ഞു എന്നത് അത്ഭുതകരമാണെന്നും അതിനെയാണ് ദിവ്യത്വം എന്ന് പറയുന്നതെന്നും ശ്വേത കുറിച്ചു. മകൾക്കൊപ്പം ഇളയരാജയുമായി ഒന്നിച്ചുള്ള ചിത്രവും ശ്വേത പങ്കുവെച്ചിട്ടുണ്ട്.