കെടിയു വി.സി സ്ഥാനം ഏറ്റെടുക്കാനെത്തിയ സിസ തോമസിനെ എസ്.എഫ്.ഐ തടഞ്ഞു
തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിൽ വി.സി സ്ഥാനം ഏറ്റെടുക്കാനെത്തിയ സിസ തോമസിനെ കാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് എസ്.എഫ്.ഐ പ്രവർത്തകരും ജീവനക്കാരും ചേർന്ന് തടഞ്ഞു. സർക്കാർ ശുപാർശ നിരസിച്ച ഗവർണർ ഇന്നലെ കെടിയു വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല സിസയ്ക്ക് നൽകിയിരുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് എം.എസ്.രാജശ്രീയെ തൽസ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്ന് കെ.ടി.യു വൈസ് ചാൻസലർ ചുമതല പുതിയ വ്യക്തിക്ക് നൽകുന്നത് സംബന്ധിച്ച് സർക്കാർ നൽകിയ ശുപാർശകൾ അവഗണിച്ച ഗവർണർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടർ സിസ തോമസിന് വിസിയുടെ ചുമതല നൽകി. ആദ്യം എസ്.എഫ്.ഐ പ്രവർത്തകരും പിന്നീട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനുമാണ് സിസ തോമസിനെ തടഞ്ഞത്. പിന്നീട് സിസ തോമസ് ഓഫീസിലെത്തി കസേരയിൽ ഇരുന്നു. കെ.ടി.യു രജിസ്ട്രാർ സ്ഥലത്തില്ലാത്തതിനാൽ ജോയിനിംഗ് റിപ്പോർട്ടിൽ ഒപ്പിടാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. ജോയിന്‍റ് രജിസ്ട്രാർ മുഖേന രേഖകളിൽ ഒപ്പിടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.