പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധന മനുഷ്യത്വരഹിതമെന്ന് സീതാറാം യെച്ചൂരി
നിത്യേനയെന്നോണം കുതിച്ചുയരുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവ് മനുഷ്യത്വരഹിതമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ധനവിലയിലെ കുതിച്ചുചാട്ടം മൂലം നിത്യോപയോഗ വസ്തുക്കളുടെ വിലകൾ ഉയരുകയാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലാണ് സാധാരണക്കാരായ ജനങ്ങൾ. സമ്പദ് വ്യവസ്ഥ തകർന്നടിയുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. 3.61 ലക്ഷം കോടിയുടെ അധിക വരുമാനമാണ് കഴിഞ്ഞവർഷം ഉണ്ടായത്. കേന്ദ്ര നികുതി പിൻവലിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
റോഡ് യാത്രയേക്കാൾ ചിലവ് കുറവ് വിമാനയാത്രയ്ക്കായി. 35 പൈസ വീതമുള്ള നാലു ദിവസത്തെ തുടർച്ചയായ വർധനവ് ഇന്ധനവിലയെ റെക്കോഡ് ഉയരത്തിൽ എത്തിച്ചിരിക്കുകയാണ്. വിമാന ഇന്ധനത്തേക്കാൾ 33 ശതമാനം അധിക തുകയാണ് പെട്രോളിന് ഈടാക്കുന്നത്. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഫ്യുവലിന് (എ ടി എഫ്) ഡൽഹിയിൽ ലിറ്ററിന് 79 രൂപയാണ് വില. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും പെട്രോൾ വില 100 കടന്നിരിക്കുന്നു. ഒരു ഡസനിലേറെ സംസ്ഥാനങ്ങളിൽ ഡീസലിന് 100 രൂപയിൽ കൂടുതൽ വില നൽകണം.