താരമായി തൃശൂർ സിറ്റി പോലീസ് ഡോഗ് സ്ക്വാഡിലെ ആറു വയസ്സുള്ള ഡോണ

ഒരു കിലോമീറ്ററോളം സഞ്ചരിച്ച് പ്രതി ഉപേക്ഷിച്ച വസ്തുക്കൾ കണ്ടെത്തിയത് വഴിത്തിരിവായി

തൃശൂർ സിറ്റി പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് പോലീസ് ഡോഗ് സ്ക്വാഡിലെ ആറു വയസ്സുള്ള ഡോണയുടെ മികവ് വെളിപ്പെടുത്തുന്ന കാര്യങ്ങൾ പരാമർശിക്കുന്നത് കൂടാതെ പോലീസിന്റെ അന്വേഷണ മികവും പ്രതിയെ പിടികൂടുന്നതിൽ നിർണായകമായി.

തൃശൂർ സിറ്റി പോലീസ് പങ്കുവെച്ച കുറിപ്പിലേക്ക് .

''എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ നെല്ലുവായ് എന്ന സ്ഥലത്ത് ലോറികൾ പാർക്ക് ചെയ്യുന്ന യാർഡ് റൂമിൽ നിന്നും വ്യാഴാഴ്ച പുലർച്ചയോടെയാണ് 2 ലക്ഷത്തിലധികം രൂപ കാണതായത്. ഇക്കാര്യത്തിന് ആവലാതിക്കാരൻെറ പരാതിയിൽ എരുമപെട്ടി പോലീസ് കേസ് റെജിസ്റ്റർ ചെയ്തിരുന്നു.

കേസിൻെറ അന്വേഷണവുമായി ബന്ധപ്പെട്ട് യാഡിൽ എത്തിയ പോലീസ് സി.സി.ടി.വി ക്യാമറ ചെക്ക് ചെയ്തപ്പോൾ ഹെൽമറ്റ് ധരിച്ച ഒരാളുടെ ദൃശ്യം കണ്ടിരുന്നു. തുടർന്ന് പരാതിക്കാരനിൽനിന്നും യാഡിൽ വന്നുപോകുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തിയപ്പോൾ ദൃശങ്ങളിലെന്ന് തോന്നിക്കുന്ന രീതിയിൽ നടത്തത്തിലും മറ്റും സംശയം തോന്നിയ ഒരാളെ പോലീസ് കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ അയാളുടെ കൂട്ടുക്കാരായ രണ്ടുപേരേയും പോലീസിന് സംശയം തോന്നി. സംശയം തോന്നിയ മൂന്നുപേരേയും പോലീസ് ചോദ്യം ചെയ്തു. പരസ്പരം സാദൃശ്യം ഉണ്ടായിരുന്നതും ഹെൽമറ്റ് ഉപയോഗിച്ചരുന്നതിനാലും പ്രതിയെ കണ്ടെത്താൻ മറ്റു സാധ്യതകളും ഉണ്ടായിരുന്നില്ല. മൂന്നു പേരും കുറ്റം സമ്മതിക്കാത്തതിനാലും, പോലീസ് പിന്നീട് ഡോഗ് സ്ക്വാർഡിൻെറ സഹായം തേടുകയായിരുന്നു.

തൃശൂർ സിറ്റി പോലീസ് ഡോഗ് സ്ക്വാഡിലെ ആറു വയസ്സുള്ള ഡോണയുമായി പി. പ്രവീണകുമാറും ടി.പി. അലോഷ്യസും എരുമപ്പെട്ടി സ്റ്റേഷനിലെത്തി. ഓഫീസ് മുറിയുടെ തകർത്തിരിക്കുന്ന ഹാൻഡ്‌ലിൽ നിന്നും ഡോഗിന് മണം കൊടുക്കുകയും, തുടർന്ന് ഡോഗ് മണം പിടിച്ചു ട്രാക്ക് ചെയ്ത് സംഭവ സ്ഥലത്ത് നിന്നും 1 കിലോമീറ്ററോളം സഞ്ചരിച്ച ശേഷം കാട് പിടിച്ച് കിടക്കുന്ന ഒഴിഞ്ഞ പറമ്പിൽ എത്തിച്ചേർന്നു. അവിടെ ഉണ്ടായിരുന്ന കിണറിന്റെ സപീപത്തു നിന്നും പ്രതി ഉപേക്ഷിച്ച ബാഗ്, ഹെൽമെറ്റ്‌, വസ്ത്രങ്ങൾ എന്നിവ കണ്ടെത്തി. പിന്നീട് ഡോണ മണം പിടിച്ച് ദൂരെയുള്ള ആളൊഴിഞ്ഞ വീട്ടിൽനിന്ന് ഒരു ഹെൽമറ്റും ബാൻഡോജും കണ്ടെത്തി. ഹെൽമറ്റ് മണത്ത് തിരിച്ചെത്തിയ ഡോണ മോഷ്ടക്കളെന്ന് സംശയിക്കുന്നവരുടെ അടുത്തേക്ക് നീങ്ങി. അതിൽ ഒരാളെ നോക്കി കുരച്ചു. പിന്നീട് അയാളുടെ കണ്ണുകളിലേക്ക് നോക്കി മുന്നിലിരുന്നു. ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിക്കൊപ്പം സഹായികളായ മറ്റു രണ്ടുപേരുമാണ് കൂടെ ഉണ്ടായിരുന്നത്.

പോലീസ് സംശയിച്ച പ്രായ പൂർത്തിയാകാത്ത മൂന്നു പേരിൽ നിന്നാണ് മോഷണം നടത്തിയ പ്രതിയെ ഡോണ കണ്ടെത്തിയത്.

ഇൻസ്പെക്ടർ ഭൂപേഷ് കെ.കെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ അനുരാജ് ടി.സി, അഡീഷണൽ സബ് ഇൻസ്പെക്ടർ ഷീബു കെ.പി, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ ജയൻ കെ.ആർ, ഗോപി സി.െഎ, സീനിയർ സിവിൽപോലീസ് ഓഫീസർമാരായ ഷാബു ടി.എ, സതീഷ്, ഷാജു കെ.എ, സുഗതൻ കെ.വി, എന്നിവരും ഉണ്ടായിരുന്നു.''

Related Posts