ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം
ദില്ലി: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധമാണെന്ന കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് വീണ്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. കേരളമടക്കം പല സംസ്ഥാനങ്ങളും ഈ നിർദേശം പാലിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നിർദേശം പുറപ്പെടുവിച്ചത്. കേരളത്തിൽ കേന്ദ്രീയ വിദ്യാലയങ്ങൾ മാത്രമാണ് ആറ് വയസ് നിർദ്ദേശം നടപ്പാക്കിയത്. 2020 ൽ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ അടിസ്ഥാനത്തിൽ, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം 5 + 3 + 3 + 4 എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. അതായത്, മൂന്നാം വയസ്സിൽ കെജി പഠനം, ആറാം വയസ്സിൽ ഒന്നാം ക്ലാസ്, പിന്നീട് ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഒരു സമ്പ്രദായം എന്ന അടിസ്ഥാനത്തിലാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയിരിക്കുന്നത്. ഈ നയം നടപ്പിലാക്കുന്നതിന്, ഒന്നാം ക്ലാസ് പ്രവേശനത്തിന് ഒരു കുട്ടിക്ക് ആറ് വയസ്സ് പൂർത്തിയായിരിക്കണം. പക്ഷേ കേരളത്തിൽ അഞ്ചാം വയസ്സിൽ തന്നെ ഒന്നാം ക്ലാസിൽ പ്രവേശനം നേടാം. എന്നാൽ ആറ് വയസ് പൂർത്തിയായ ശേഷം മാത്രമേ പ്രവേശനം നൽകാവു എന്നാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയത്. എൻ.സി.ഇ.ആർ.ടി സിലബസ് പിന്തുടരുന്ന കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഈ മാനദണ്ഡം നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാന സിലബസ് പിന്തുടരുന്ന സംസ്ഥാന സർക്കാർ സ്ക്കൂളുകൾ, എയ്ഡഡ്, സിബിഎസ്ഇ സ്കൂളുകൾ എന്നിവയിൽ അഞ്ചാം വയസിൽ തന്നെ പ്രവേശനം നല്കുന്ന സാഹചര്യമുണ്ട്. ഇത് നിർത്തലാക്കാനാണ് കേന്ദ്ര സർക്കാർ നിർദേശം.