മണ്ണ് പരിശോധന ഉദ്യോഗസ്ഥർക്കുള്ള നൈപുണ്യ വികസന പരിശീലന പരിപാടി ആരംഭിച്ചു
തൃശൂർ: കേരള സർക്കാർ, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെള്ളാനിക്കര കാർഷിക കോളേജിലെ സോയിൽ സയൻസ് ആൻഡ് അഗ്രികൾച്ചറൽ കെമിസ്ട്രി വിഭാഗവും, മണ്ണുത്തിയിലുള്ള സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടും സംയുക്തമായി ചേർന്ന് 2021 ഡിസംബർ 13 മുതൽ 18 വരെ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് മണ്ണ് പരിശോധന രീതികളെക്കുറിച്ചുള്ള നൈപുണ്യ വികസന പരിശീലന പരിപാടി ആരംഭിച്ചു.
പരിപാടിയുടെ ഉൽഘാടനം വെള്ളാനിക്കര കാർഷിക കോളേജ് സെമിനാർ ഹാളിൽ വെച്ച് വെള്ളാനിക്കര കാർഷിക കോളേജ് ഡീൻ ഡോ മിനി രാജിന്റെ അധ്യക്ഷതയിൽ കാർഷിക സർവ്വകലാശാല ഗവേഷണ മേധാവി ഡോ മധു സുബ്രമണ്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. കർഷകർക്കുള്ള വിള പരിപാലന ഉപദേശങ്ങൾ സെൻസറുകളുടെ സഹായത്തോടെ റിയൽ ടൈം അടിസ്ഥാനത്തിൽ വേണം നല്കാൻ എന്നും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വെള്ളാനിക്കര കാർഷിക കോളേജിലെ സോയിൽ സയൻസ് ആൻഡ് അഗ്രികൾച്ചറൽ കെമിസ്ട്രി വിഭാഗം മേധാവി ഡോ കെ എം ദുർഗ്ഗാദേവി ചടങ്ങിന് സ്വാഗതം ആശംസിച്ചു. സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിന്റെ മേധാവി ഡോ എസ് ഹെലൻ, വെള്ളാനിക്കര കാർഷിക കോളേജിലെ അഗ്രോണോമി വിഭാഗം മേധാവി ഡോ പി പ്രമീള എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.
വെള്ളാനിക്കര കാർഷിക കോളേജിലെ സോയിൽ സയൻസ് ആൻഡ് അഗ്രികൾച്ചറൽ കെമിസ്ട്രി വിഭാഗം അധ്യാപികയും ഈ പരിശീലനത്തിന്റെ കോർഡിനേറ്ററുമായ ഡോ കെ രാജലക്ഷ്മി നന്ദിയും പറഞ്ഞു.