ചിരിക്കുന്ന ചീങ്കണ്ണി; ഇൻ്റർനെറ്റിൽ വൈറലായി വീഡിയോ

ഉരഗവർഗത്തിൽപ്പെട്ട ജീവിയാണ് ചീങ്കണ്ണി അഥവാ മീൻമുതല. വളരെ കടുപ്പമുള്ളവയാണ് ഇവയുടെ ശൽക്കങ്ങൾ. പ്രായപൂർത്തിയായ മുതലകളിൽ നൂറ്റിപ്പത്തോളം പല്ലുകൾ ഉണ്ടാകും. വളരെ മൂർച്ചയേറിയ പല്ലുകളാണ് ഇവയ്ക്കുള്ളത്. കട്ടികൂടിയ ശൽക്കങ്ങളും മൂർച്ചയേറിയ പല്ലുകളും ഒക്കെയായി ഭീതി ജനിപ്പിക്കുന്ന ചീങ്കണ്ണിയെ കണ്ടാൽ അടിമുടി ഒരു വിറയൽ  അനുഭവപ്പെടും. എന്നാൽ ചീങ്കണ്ണിയെ കുറിച്ചുള്ള അത്തരം ഭീതി കലർന്ന മുൻധാരണകളെയെല്ലാം തിരുത്തി കുറിക്കുകയാണ് ഇൻ്റർനെറ്റിൽ വൈറലായ ഒരു റീൽസ്. മൃഗശാലയിലെ കെയർ ടേക്കറുടെ കൈയിലിരുന്ന് ചിരിക്കുന്ന ചീങ്കണ്ണിയെ കണ്ട് നെറ്റിസൺസ് അന്തം വിട്ടിരിക്കുകയാണ്. 

കോക്കനട്ട് എന്ന ക്യൂട്ട് പേരുള്ള ആൽബിനോ വിഭാഗത്തിൽപ്പെട്ട ചീങ്കണ്ണി കുഞ്ഞാണ് കെയർ ടേക്കർ അതിൻ്റെ ശൽകങ്ങളിൽ ബ്രഷുകൊണ്ട് സ്ക്രബ്ബു ചെയ്യുമ്പോൾ ഇക്കിളി പൂണ്ടതുപോലെ വലിയ വായിൽ ചിരിക്കുന്നത്. കോക്കനട്ടിന് സ്ക്രബ്ബിങ്ങ് വലിയ ഇഷ്ടമാണ് എന്ന് കെയർടേക്കർ പറയുന്നതും വീഡിയോയിൽ കാണാം. എന്തായാലും ചിരിക്കുന്ന ചീങ്കണ്ണിയെ സൈബർ ലോകം ഏറ്റെടുത്തിരിക്കുകയാണ്. കോക്കനട്ട് ലവ്സ് ഹെർ സ്ക്രബ്സ് എന്ന തലക്കെട്ടോടെയാണ് ദി റെപ്റ്റൈൽ സൂ റീൽസ് പുറത്തുവിട്ടത്.

Related Posts