അവസാനത്തെ പെണ്ണും വിമോചിക്കപ്പെടും വരെ നെഞ്ചിൽ കൈവെച്ച് പറയും, ഞാനൊരു ഫെമിനിസ്റ്റാണ്; അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്മിത നെരവത്ത്

അവസാനത്തെ പെണ്ണും വിമോചിക്കപ്പെടും വരെ താനൊരു ഫെമിനിസ്റ്റാണെന്ന് നെഞ്ചിൽ കൈവെച്ച് പറയുമെന്ന് സ്മിത നെരവത്ത്. അരികുവൽക്കരിക്കപ്പെട്ട എൽ ജി ബി ടി വിഭാഗങ്ങളും ട്രാൻസ് മനുഷ്യരുമെല്ലാം വിമോചിപ്പിക്കപ്പെടും വരെ, അവരെല്ലാം സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പുതിയ ലോകത്തിലേക്ക് ഉണരും വരെ ആത്മാർഥമായി അങ്ങനെ തന്നെ പറയും. അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിലാണ് ഫെമിനിസത്തിന്റെ പ്രസക്തിയെപ്പറ്റി എഴുത്തുകാരിയും സാമൂഹ്യ നിരീക്ഷകയുമായ സ്മിത നെരവത്തിന്റെ ഓർമപ്പെടുത്തൽ.

കുട്ടിക്കാലത്ത് വെർജീനിയ വൂൾഫിനേയോ, സിമോൺ ദ ബുവയെയോ താൻ വായിച്ചിട്ടില്ല. പക്ഷേ അപ്പോഴും താനൊരു ഫെമിനിസ്റ്റായിരുന്നു. ചെറിയ കുട്ടിയായിരുന്നപ്പോൾ എപ്പോഴോ നേരം വൈകിയെത്തിയതിന് അച്ഛൻ അടിച്ചപ്പോൾ അടുക്കളയിലെ പാതകത്തിനടിയിൽ ഒളിച്ചിരുന്നു വിളിച്ചു കൂവി, നിങ്ങൾ തിന്നാൻ തരുന്നുണ്ടെന്നു കരുതി ഞാൻ നിങ്ങളുടെ അടിമയല്ല. വീണ്ടും തല്ലാനോങ്ങിയ അച്ഛൻ ഒരു നിമിഷം അനങ്ങാതെ നിന്നു. പിന്നെ വടി താഴെയിട്ട് നിശബ്ദനായി തന്റെ വായനാമുറിയിലേക്കു പോയി. അവകാശങ്ങളെ, വ്യക്തിത്വത്തെ അംഗീകരിക്കാത്തവരോടെല്ലാം ഉറക്കെ സംസാരിക്കാൻ ശീലിച്ചു തുടങ്ങുകയായിരുന്നു.

ബസ്സിൽ, ക്ലാസിൽ, വീട്ടിൽ, സംഘടനകളിൽ, നിരത്തിൽ ഒക്കെയും താൻ ആണധികാരത്തോടു കലഹിച്ചു. വീട് ഏറ്റവും അസ്വസ്ഥത നിറഞ്ഞ ഇടമായി. വായിക്കുന്ന കഥകളിലെ, പ്രത്യേകിച്ച് പെണ്ണെഴുത്തുകാരുടെ കഥകളിലെ കഥാപാത്രങ്ങൾ താൻ തന്നെയായി. ആശാ പൂർണദേവിയുടെ ട്രിലോജികളിലെ, സുവർണലതയിലെ, ബകുളിന്റെ കഥയിലെ പെണ്ണുങ്ങൾ, മാധവിക്കുട്ടിയുടെ, സാറാ ജോസഫിന്റെ, ബി എം സുഹറയുടെ എഴുത്തുകളിലെ പെണ്ണുങ്ങൾ വിടാതെ പിന്തുടർന്നു. അവർക്കൊപ്പം കരഞ്ഞു, സന്തോഷിച്ചു, അതിരുകൾ കടക്കുന്നതിന്റെ സ്വാതന്ത്ര്യം ആസ്വദിച്ചു.

ഏറ്റവും അടുത്ത സുഹൃത്തും പങ്കാളിയുമായ പ്രകാശൻ തന്റെ അസ്വസ്ഥതകളെ തിരിച്ചറിഞ്ഞ് നിരന്തരം എഴുതുകയും, തന്നോട് സംസാരിക്കുകയും ചെയ്യുന്ന കാലത്ത് 20 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അപ്പോഴും കാഴ്ചകളിലൂടെ ലോകത്തെ കാണാൻ തുടങ്ങിയിട്ടുണ്ടായിരുന്നില്ല. പക്ഷേ ഫെമിനിസം ലോകത്തിന്റെ തന്നെ വിമോചനത്തിലേക്കുള്ള പല വഴികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് മെല്ലെ മെല്ലെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. അന്ധമായ പുരുഷ വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രമെന്ന ചീത്തപ്പേര് പ്രവർത്തന പദ്ധതിക്കുണ്ടായിരുന്നുവെന്ന് മുഖ്യധാര വ്യവഹാരങ്ങളും ജനപ്രിയ സിനിമകളും പുസ്തകങ്ങളുമെല്ലാം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ തനിക്കങ്ങനെ തോന്നിയതേയില്ല. പാതി വരുന്ന മനുഷ്യർ, സ്ത്രീകൾ നിരന്തരം അടിച്ചമർത്തപ്പെടുന്നതിനെ തിരിച്ചറിഞ്ഞ, അതിനെതിരെ കലഹിച്ച, സമരം ചെയ്ത, സാമൂഹികമായ വലിയ മാറ്റങ്ങൾക്കു വഴിതെളിക്കുന്ന ഒരു ചിന്താപദ്ധതിക്ക് എങ്ങനെ പുരുഷ വിദ്വേഷിയാവാൻ കഴിയും എന്നാണ് ചിന്തിച്ചത്.

താൻ വെർജീനിയ വൂൾഫിനെ വായിച്ചു. സിമോൺ ദബുവയെ വായിച്ചു. കെയ്റ്റ് മില്ലറ്റ്, സീസു, ക്രിസ്തേവാ, ഇറിഗാറെ, ജൂഡിത്ത് ബട്ട്ലർ, എലേൻ ഷോവാൾട്ടർ എന്നിങ്ങനെ നിരവധി പ്രതിഭാധനരായ പെണ്ണുങ്ങളുടെ എഴുത്തുകളിലൂടെ ചിന്തകളെ മിനുക്കിയെടുത്തു. ഇന്ത്യയിലെ ഫെമിനിസ്റ്റ് മൂവ്മെൻ്റിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നറിഞ്ഞ് അമ്പരന്നു. ആണ്ടാളും മീരാഭായിയും സാവിത്രി ഭായ് ഫൂലെയും തുടങ്ങി നിരവധി സ്ത്രീകളുടെ പോരാട്ടത്തിൻ്റെ ചരിത്രത്തിൻ്റെ ഇങ്ങേ അറ്റത്തെ കണ്ണിയാവുക എന്നത് തന്നെ ആഹ്ലാദിപ്പിച്ചു.

ആദ്യമൊക്കെ ആണധികാര പ്രിവിലേജുകൾ ആസ്വദിക്കുന്ന എല്ലാ ആണുങ്ങളോടും കലഹിച്ചിരുന്നതായി സ്മിത തന്റെ കുറിപ്പിൽ പറയുന്നു. ചിലർ തന്നോട് തർക്കിച്ചു, പിണങ്ങി, വഴിമാറിപ്പോയി. ചിലർ തിരിച്ചറിവിന്റെ തെളിച്ചത്തോടെ സംസാരിക്കാൻ തയ്യാറായി. ആൺ ലോകം തയ്യാറാക്കി തന്ന രൂപത്തെ, നടപ്പിനെ, ഭാഷയെ ഒക്കെ ഉപേക്ഷിക്കാനും മാറ്റിപ്പണിയാനും ശ്രമിച്ചു. മുടി മുഴുവനായും മൊട്ടയടിച്ചു. രാത്രിയിൽ ഏറെ യാത്ര ചെയ്തു. പുരുഷ സൗഹൃദങ്ങളെ ഒളിമറയില്ലാതെ പുറത്തു കാട്ടി. അന്നേരം അനുഭവിച്ച സംഘർഷങ്ങളെ ചിരിച്ചുതള്ളി. കുടുംബത്തിൽ മെല്ലെ മെല്ലെ മാറ്റങ്ങളുണ്ടാക്കാൻ ശ്രമിച്ചു. അതുവരെ അനുഭവിച്ച പ്രിവിലേജുകൾ ഒഴിവാക്കി പങ്കാളി അടുക്കളയിൽ പണിയെടുക്കാനും കുഞ്ഞിനെ പോറ്റാനും തുടങ്ങി. തന്റെ വ്യത്യസ്തമായ ലോകത്തെ അംഗീകരിക്കാൻ അവൻ പതിയെ പതിയെ തയ്യാറായി.

പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരെ, ട്രാൻസ്ജെൻഡേസ്, ഗേ, ലെസ്ബിയൻ തുടങ്ങി വ്യത്യസ്തരായ മനുഷ്യരെ അടുത്തറിയാൻ തുടങ്ങി. പുരുഷാധികാര വ്യവസ്ഥയുടെ ഇരകൾ തന്നെയാണ് പുരുഷനെന്നും, അവൻ പക്ഷേ അത് തിരിച്ചറിയാതിരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും മനസ്സിലാക്കി. കലഹിക്കാതെ തന്നെ അവനെ തിരുത്താനും അവനോട് സംവദിക്കാനും ഉള്ള ഇടങ്ങൾ വികസിപ്പിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ അവളെ മുറിപ്പെടുത്തുന്ന എല്ലാത്തരം അനീതികളോടും വിട്ടുവീഴ്ചയില്ലാതെ പൊരുതി. പെണ്ണിന്റെ അനുഭൂതികളുടെ ലോകത്തെ മെല്ലെ തിരിച്ചറിഞ്ഞു. ശരീരത്തിന്റെ ആനന്ദങ്ങൾ തികച്ചും സ്വതന്ത്രമായി ആസ്വദിക്കാൻ പഠിച്ചു. സിസ്റ്റർഹുഡ് അഥവാ സാഹോദര്യത്തിന്റെ കരുണ നിറഞ്ഞ ലോകത്തേക്ക് അത് തന്നെ നയിച്ചു. ചിന്തിക്കുന്ന, ബുദ്ധിയുള്ള പെണ്ണുങ്ങളുമായുള്ള സൗഹൃദം നൽകി. സ്വാതന്ത്ര്യത്തിന്റെ ലോകം തിരിച്ചറിയാതെ ജീവിച്ചുതീർക്കുന്ന പെണ്ണുങ്ങളെ ചേർത്തുപിടിക്കാൻ അത് തനിക്ക് കരുത്തുതന്നു.

പെണ്ണിന്റെ പ്രശ്നങ്ങൾ വ്യത്യസ്തമാണെന്ന് ഫെമിനിസം തന്നെ പഠിപ്പിച്ചതായി കുറിപ്പിൽ സ്മിത പറയുന്നു. ദളിത് സ്ത്രീയുടെയും കറുത്ത വർഗ സ്ത്രീകളുടെയും പ്രശ്നങ്ങൾ മറ്റു സ്ത്രീകളിൽനിന്നു വ്യത്യസ്തമാണ്. ആലീസ് വാക്കറുടെ വുമണിസം പുതിയ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോയി. ഹെട്റോസെക്ഷ്വൽ ഫെമിനിസ്റ്റുകളോട്, ലെസ്ബിയൻസ് സ്ത്രീകളല്ല എന്ന മോണിക്ക വിറ്റിംഗിന്റെ തുറന്നടിക്കൽ അതുവരെയുള്ള ബോധത്തിനേറ്റ കനത്ത അടിയായി. ഫെമിനിസം പോലെ സ്വയം വിമർശനത്തെയും വൈവിധ്യത്തെയും ഇത്രമേൽ ഉൾക്കൊള്ളുന്ന മറ്റൊരു പ്രസ്ഥാനവും ഇല്ലെന്ന ഓർമപ്പെടുത്തലോടെയാണ് കോഴിക്കോട് സർവകലാശാല സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷനിൽ അസിസ്റ്റന്റ് പ്രൊഫസർ കൂടിയായ സ്മിതയുടെ കുറിപ്പ് അവസാനിക്കുന്നത്.

Related Posts