യു.പിയിലേക്കെത്തുന്ന ഭാരത് ജോഡോയിൽ പങ്കെടുക്കാൻ സ്മൃതി ഇറാനിക്ക് ക്ഷണം
അമേഠി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ അമേഠി എംപി സ്മൃതി ഇറാനിയെ ക്ഷണിച്ചു. കോൺഗ്രസ് നേതാവ് ദീപക് സിംഗ് സ്മൃതിയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി നരേഷ് ശർമ്മയ്ക്ക് ക്ഷണക്കത്ത് കൈമാറി. "പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ നിർദേശ പ്രകാരമാണ് ക്ഷണക്കത്ത് കൈമാറിയത്. 28ന് ഗൗരിഗഞ്ചിലെ ക്യാമ്പ് ഓഫീസിലെത്തി നരേഷ് ശർമ്മയ്ക്ക് കത്ത് നൽകി. അദ്ദേഹം കത്ത് സ്വീകരിക്കുകയും അത് എംപിക്ക് കൈമാറുമെന്ന് അറിയിക്കുകയും ചെയ്തു," ദീപക് സിംഗ് പറഞ്ഞു. "ഐക്യ ഇന്ത്യ എന്ന ആശയത്തിലാണ് ബിജെപി എപ്പോഴും പ്രവർത്തിക്കുന്നത്. ഇന്ത്യ ഇപ്പോൾ തകർന്നിരിക്കുകയല്ല. പിന്നെങ്ങനാണ് അതിനെ ഐക്യപ്പെടുത്തുക എന്ന ചർച്ച കടന്ന് വരുന്നത്? തകർക്കപ്പെടുന്നതാണ് യോജിപ്പിക്കേണ്ടത്. ജീവൻ നഷ്ടപ്പെട്ട് പോകുന്ന കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനാണ് രാഹുൽ ഗാന്ധി യാത്ര നടത്തുന്നത്", കോൺഗ്രസിന്റെ ക്ഷണത്തോട് ബിജെപി ജില്ലാ പ്രസിഡന്റ് ദുർഗേഷ് ത്രിപാഠി പ്രതികരിച്ചു.