ട്രെയിൻ യാത്രക്കാരെ മുള്‍മുനയിലാക്കി പാമ്പ്
കോഴിക്കോട്: തിരുവനന്തപുരം-നിസാമുദ്ദീൻ എക്സ്പ്രസിൽ പാമ്പിനെ കണ്ടത് യാത്രക്കാരെ ആശങ്കയിലാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ട്രെയിൻ തിരൂരിൽ എത്തിയപ്പോഴാണ് യാത്രക്കാരിലൊരാൾ പാമ്പിനെ കണ്ടത്. എസ്-5 സ്ലീപ്പർ കോച്ചിന്‍റെ ബെർത്തുകൾക്കിടയിലാണ് പാമ്പിനെ കണ്ടെത്തിയത്. യാത്രക്കാർ നിലവിളിച്ചപ്പോൾ ഒരാള്‍ പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും മറ്റ് ചില യാത്രക്കാർ കൊല്ലരുതെന്ന് പറഞ്ഞതോടെ പിടിവിട്ടു. പിന്നെ കമ്പാര്‍ട്‌മെന്റ് മുഴുവന്‍ പാമ്പിന്റെ യാത്ര. ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ റെയിൽവേ കൺട്രോൾ ബോർഡിനെ വിവരമറിയിച്ചെങ്കിലും കോഴിക്കോട്ടെത്തിയിട്ട് പരിശോധിക്കാമെന്നായിരുന്നു നിര്‍ദേശം. രാത്രി 10.15ന് കോഴിക്കോട്ടെത്തിയ ട്രെയിനിൽ തെരച്ചിൽ നടത്തി കണ്ടെത്തിയെങ്കിലും ആളുകൾ ബഹളമുണ്ടാക്കിയതോടെ പാമ്പ് വീണ്ടും തെന്നിമാറി ഇഴഞ്ഞുനീങ്ങുകയായിരുന്നു.