കല്യാണിക്കുട്ടിക്ക് സ്നേഹവീട് സ്വന്തം, വീടിൻ്റെ താക്കോൽ കൈമാറി
പോര്‍ക്കുളം: പോര്‍ക്കുളം പഞ്ചായത്തും കുടുംബശ്രീയും ജനകീയ സമിതിയും ചേർന്ന് ചെറളയത്ത് വീട്ടില്‍ കല്യാണിക്കുട്ടിക്ക് നിർമ്മിച്ച് നൽകിയ സ്നേഹവീടിന്റെ താക്കോൽ കൈമാറി. ആശ്രയ പദ്ധതിയില്‍ നിന്ന് ലഭിച്ച 4 ലക്ഷത്തോടൊപ്പം ജനകീയ സമിതിയും കുടുംബശ്രീയും സമാഹരിച്ച മൂന്നര ലക്ഷവും ചേര്‍ത്താണ് 680 ചതുരശ്ര അടിയില്‍ വീട് നിര്‍മിച്ചത്. വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ എം എൽ എ എ സി മൊയ്തീൻ വീടിന്റെ താക്കോൽ കൈമാറി.
ചുരുങ്ങിയ സമയത്തിനുള്ളിൽ സ്നേഹവീടിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ പ്രയത്‌നിച്ചവരെയും വീടുവെക്കാൻ സൗജന്യമായി സ്ഥലം നൽകിയ രാമകൃഷ്ണനെയും എം എൽ എ അഭിനന്ദിച്ചു.
സിനിമ- സാംസ്കാരിക പ്രവർത്തകൻ വി കെ ശ്രീരാമൻ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡണ്ട് കെ രാമകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ജിഷ ശശി, മറ്റ് പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ജനകീയ സമിതി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.