ബ്രിട്ടനിൽ മഞ്ഞുവീഴ്ച ശക്തമാകുന്നു: തണുത്തുറഞ്ഞ തടാകത്തിൽ വീണ് 3 കുട്ടികൾ മരിച്ചു
ലണ്ടൻ: കനത്ത മഞ്ഞുവീഴ്ചയിൽ ബ്രിട്ടനിൽ മൂന്ന് മരണം. ബർമിംഗ്ഹാമിലെ സോളിഹുള്ളിൽ തണുത്തുറഞ്ഞ തടാകത്തിൽ വീണ് മൂന്ന് കുട്ടികളാണ് മരിച്ചത്. തടാകത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മഞ്ഞ് വീഴ്ച്ച ശക്തമായതിനാൽ ബ്രിട്ടനിലും സ്കോട്ട്ലൻഡിലും നിരവധി വിമാന സർവീസുകളും ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. യുകെയിൽ മാത്രം 140 വിമാനങ്ങളാണ് റദ്ദാക്കിയത്. കഴിഞ്ഞ ദിവസം അടച്ച ഗാത്‌വിക്, സ്റ്റാൻസ്റ്റഡ് വിമാനത്താവളങ്ങൾ ഇപ്പോഴും തുറന്നിട്ടില്ല. ലണ്ടൻ സിറ്റി എയർപോർട്ട്, ലൂട്ടൺ എയർപോർട്ട് എന്നിവിടങ്ങളിൽ നിരവധി വിമാനങ്ങൾ റദ്ദാക്കി. സ്കോട്ട്ലൻഡിൽ താപനില മൈനസ് 15 ഡിഗ്രി സെൽഷ്യസിലെത്തി. സ്കോട്ട്ലൻഡിലെ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. പ്രതിസന്ധിയെ തുടർന്ന് സ്കോട്ട്ലൻഡിലെയും ബ്രിട്ടനിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെയിൽസിലെയും അയർലണ്ടിലെയും താപനില മൈനസ് 9 ഡിഗ്രി സെൽഷ്യസിലെത്തി. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ അതിശൈത്യമാണ്. ഫ്രാൻസ്, ജർമ്മനി, പോർച്ചുഗൽ, തുർക്കി എന്നിവിടങ്ങളിൽ കടുത്ത തണുപ്പിനൊപ്പം കനത്ത മഴയും ഭീഷണിയാണ്. പല നഗരങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. പോർച്ചുഗലിൽ നിരവധി പേരെ ഒഴിപ്പിച്ചു. വൈദ്യുതി ഉത്പാദനം കുറഞ്ഞതും വിതരണത്തിലെ തടസ്സവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.