അതിശക്തയായ അതിജീവിത; ഭാവനയുടെ തിരിച്ചുവരവ് ആഘോഷമാക്കി സോഷ്യൽ മീഡിയ
തിരുവനന്തപുരം ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ അപ്രതീക്ഷിത അതിഥിയായെത്തി ലോകമെങ്ങുമുള്ള മലയാളികളുടെ കൈയടി ഏറ്റുവാങ്ങിയ പ്രിയപ്പെട്ട നടി ഭാവനയ്ക്ക് സോഷ്യൽ മീഡിയയിൽ ഗംഭീര വരവേൽപ്പ്. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും എഴുത്തുകാരും ബുദ്ധിജീവികളും ആക്റ്റിവിസ്റ്റുകളും സാധാരണക്കാരായ ആരാധകരുമെല്ലാം നടിയുടെ ഗംഭീരമായ തിരിച്ചു വരവിനെ ആഘോഷിക്കുകയാണ്. അഞ്ച് വർഷത്തിനു ശേഷമാണ് നടി ഒരു വേദിയിൽ പ്രത്യക്ഷപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ ആയിരങ്ങളാണ് പ്രൊഫൈൽ ചിത്രവും കവർ ഫോട്ടോയും അടക്കം നടിയുടേതാക്കി തങ്ങൾ അതിജീവിതയ്ക്കൊപ്പമെന്ന് പ്രഖ്യാപിക്കുന്നത്. അതിശക്തയായ അതിജീവിത എന്ന തലക്കെട്ടോടെയാണ് ഗായിക സയനോര ഭാവനയുടെ ചിത്രം പങ്കുവെച്ചത്. മേളയിൽ തിരി തെളിയിക്കുന്ന നടിയുടെ ഫോട്ടോയാണ് ഗായികയുടെ പുതിയ കവർ ഫോട്ടോ.
ഇന്നലെ രാജ്യാന്തര ചലച്ചിത്ര മേളയിൽ തികച്ചും അപ്രതീക്ഷിതമായാണ് സ്വാഗത പ്രസംഗത്തിനിടെ ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ സംവിധായകൻ രഞ്ജിത്ത് ഭാവനയെ വേദിയിലേക്ക് ക്ഷണിക്കുന്നത്. തുർക്കിയിൽ ഇസ്ലാമിക തീവ്രവാദികളുടെ ബോംബാക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാനെ സ്വാഗതം ചെയ്തതിനു ശേഷം "പോരാട്ടത്തിൻ്റെ പെൺ പ്രതീകമായ മറ്റൊരാളെക്കൂടി ഞാൻ വേദിയിലേക്ക് ക്ഷണിക്കുന്നു" എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഭാവനയെ അദ്ദേഹം നാടകീയമായി അവതരിപ്പിച്ചത്. ഭാവനയുടെ പേര് കേട്ടതോടെ സദസ്സാകെ ഇളകി മറിഞ്ഞു. വേദിയിലേക്ക് പുഞ്ചിരിയോടെ കടന്നുവന്ന നടിയെ സ്റ്റാൻഡിങ്ങ് ഒവേഷനോടെയാണ് സദസ്സ് വരവേറ്റത്. ബീന പോൾ ആലിംഗനം ചെയ്തും സംവിധായകൻ ഷാജി എൻ കരുൺ പൂച്ചെണ്ട് നൽകിയും നടിയെ ആദരിച്ചു.